രോഹിത് വെമുലയുടെ ആത്മഹത്യ: സി.പി.ഐ ജനകീയ കൂട്ടായ്മ നടത്തി

പത്തനംതിട്ട: ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തില്‍ ഉത്തരവാദികളായ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിക്കും ബന്ദാരു ദത്താത്രേയക്കും സര്‍വകലാശാല വി.സി അപ്പ റാവുവിനുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ജില്ലാ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ നടത്തി. യോഗം ജില്ലാ സെക്രട്ടറി എ.പി. ജയന്‍ ഉദ്ഘാടനം ചെയ്തു. മുസഫര്‍ നഗര്‍ കലാപത്തില്‍ ബി.ജെ.പി നേതാക്കളുടെ പങ്ക് വെളിപ്പെടുത്തുന്ന നകുല്‍സിന്‍ഹയുടെ മുസാഫര്‍ നഗര്‍ ബാക്കി ഹേ എന്ന ഡോക്കുമെന്‍ററി വെമുലയുടെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിച്ചത് എ.ബി.വി.പിക്കാരെ പ്രകോപിപ്പിച്ചിരുന്നു. വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‍െറ പേരില്‍ രോഹിത് അടക്കമുള്ള അഞ്ച് അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോ. പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്യുകയും കോളജില്‍ ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സംഘ്പരിവാര്‍ സംഘടന ഇവര്‍ക്കെതിരെ ദുഷ്പ്രചാരണങ്ങള്‍ നടത്തി വേട്ടയാടി. ഇതാണ് വെമുലയെ ആത്മഹത്യയിലേക്ക് നയിച്ചത്. സംഭവത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഓഫിസ് അഞ്ചുതവണയാണ് വൈസ് ചാന്‍സലറുടെ ഓഫിസുമായി ബന്ധപ്പെട്ടത്. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്കെതിരെ കേന്ദ്ര ഭരണാധികാരികളുടെ ഒത്താശയോടെ കടുത്ത പീഡനങ്ങളാണ് നടക്കുന്നതെന്ന് ഈ സംഭവം വെളിവാക്കുന്നു. ജില്ലാ കൗണ്‍സില്‍ അസി. സെക്രട്ടറി മനോജ് ചരളേല്‍ അധ്യക്ഷത വഹിച്ചു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, എം.വി. വിദ്യാധരന്‍, ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ ചെങ്ങറ സുരേന്ദ്രന്‍, സി.കെ. ശ്രീധരന്‍, ഡി. സജി, പി.ആര്‍. ഗോപിനാഥന്‍, ബേബിച്ചന്‍ വെച്ചൂച്ചിറ, എം.പി. മണിയമ്മ, ജിജി ജോര്‍ജ്, മണ്ഡലം സെക്രട്ടറിമാരായ മാത്യു തോമസ്, ശരത്ചന്ദ്രകുമാര്‍, അഡ്വ.കെ.ജി. രതീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.