വടശേരിക്കര: ജീവിതശൈലീരോഗ ചികിത്സാ കേന്ദ്രം പെരുനാട്ടില്‍നിന്ന് മാറ്റാന്‍ നീക്കം. ഇതുമൂലം ആദിവാസികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് രോഗികള്‍ ചികിത്സ കിട്ടാതെ വലയും. പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 2012 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന എന്‍.സി.ഡി ക്ളിനിക് അഥവാ ജീവിതശൈലീ രോഗനിര്‍ണയ ചികിത്സാകേന്ദ്രമാണ് റാന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ എന്‍.എസ്.ഡി ക്ളിനിക് പ്രവര്‍ത്തനം ആരംഭിച്ച കാലത്ത് പെരുനാട് പഞ്ചായത്ത് പ്രത്യേക താല്‍പര്യമെടുത്താണ് പെരുനാട് സി.എച്ച്.സിയില്‍ ക്ളിനിക് പ്രവര്‍ത്തിച്ചു തുടങ്ങിയത്. ശബരിമല വനാന്തരത്തിലെ ആദിവാസികളും തോട്ടം തൊഴിലാളികളും ഉള്‍പ്പെടെ രണ്ടായിരത്തിലധികം രോഗികള്‍ക്ക് മാസന്തോറും ഇവിടെ ചികിത്സ ലഭ്യമാക്കുന്നുണ്ട്. പെരുനാട്, നാറാണംമൂഴി, വടശേരിക്കര പഞ്ചായത്തുകളിലെ ജനങ്ങളും ജീവിതശൈലീരോഗ നിര്‍ണയത്തിനും ചികിത്സക്കുമായി പെരുനാട് സി.എച്ച്.സിയെയാണ് ആശ്രയിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്‍െറ ഉത്തരവ് പ്രകാരമാണ് എന്‍.സി.ഡി ക്ളിനിക് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് മാറ്റുന്ന മുറക്ക് ക്ളിനിക്കിന്‍െറ നടത്തിപ്പ് അവകാശം ഗ്രാമപഞ്ചായത്തില്‍നിന്ന് ബ്ളോക് പഞ്ചായത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസം പകരുന്ന ക്ളിനിക് മാറ്റാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ മധുവും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബീന സജിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.