മകരവിളക്കിന് സന്നിധാനം ഒരുങ്ങി

ശബരിമല: മകരവിളക്ക് ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സന്നിധാനത്തും പമ്പയിലും ഒരുക്കം പൂര്‍ത്തിയായി. പമ്പ മുതല്‍ സന്നിധാനംവരെ അയ്യഭക്തരുടെ വന്‍ തിരക്കാണ് ബുധാഴ്ച ഉച്ച മുതല്‍ അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ദീപാരാധന സമയത്താണ് പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതി തെളിയുക. പമ്പ മുതല്‍ സന്നിധാനംവരെ പല സ്ഥലങ്ങളിലും അയ്യഭക്തരെ വടംകെട്ടി നിയന്ത്രിച്ചാണ് സന്നിധാനത്തേക്ക് കയറ്റുന്നത്. ദര്‍ശനം കഴിയുന്ന ഭക്തര്‍ മകരജ്യോതി കാണുന്നതിനായി സന്നിധാനം, മാളികപ്പുറം, പാണ്ടിത്താവളം, ഉരല്‍കുഴി, ഭസ്മക്കുളം ഭാഗങ്ങളില്‍ പര്‍ണശാലകള്‍ കെട്ടി തമ്പടിച്ചിരിക്കുന്നു. മാളികപ്പുറത്തിന് സമീപം പ്രധാന പാതകളിലെല്ലാം അയ്യപ്പഭക്തര്‍ വിരിവെച്ചതിനാല്‍ ഇതുവഴി നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി. തുടര്‍ന്ന് വൈകുന്നേരത്തോടെ ദ്രുതകര്‍മ സേനയത്തെിയാണ് വിരികള്‍ മാറ്റിയത്. തിരക്ക് വരുംദിവസങ്ങളില്‍ കൂടാനാണ് സാധ്യത. മുടക്കം കൂടാതെ കുടിവെള്ള വിതരണത്തിന് വാട്ടര്‍ അതോറിറ്റിയും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് ക്രമീകരണം ചെയ്തിട്ടുണ്ട്. എത്തുന്ന ഭക്തര്‍ക്ക് അന്നദാനം നല്‍കുന്നതിനുള്ള ക്രമീകരണങ്ങളുമായിട്ടുണ്ട്. പ്രസാദങ്ങളായ അപ്പം, അരവണ എന്നിവ ആവശ്യത്തിന് സ്റ്റോക്കുണ്ട്. പ്രസാദ വിതരണത്തില്‍ ഒരുവിധ പ്രശ്നങ്ങളും ഉണ്ടാകാത്ത വിധം ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു. പുല്ലുമേട് ദുരന്തത്തിനു ശേഷം മകരവിളക്ക് ദിവസങ്ങളില്‍ അഭൂതപൂര്‍വമായ തിരക്ക് ഉണ്ടായിട്ടില്ല. ഇത്തവണ മഴ മൂലം തമിഴ്നാട്ടില്‍നിന്നുള്ള തീര്‍ഥാടകരുടെ വരവുഗണ്യമായി കുറഞ്ഞിരുന്നു. മഴ മാറിയതോടെ ഭക്തര്‍ കൂട്ടത്തോടെ വരാന്‍ തുടങ്ങിയതാണ് മകരവിളക്കിന് തിരക്കുകൂടാന്‍ കാരണമെന്ന് കരുതുന്നു. മകരവിളക്ക് ദിവസം ദീപാരാധനക്ക് ചാര്‍ത്തുന്നതിനുള്ള തിരുവാഭരണ ഘോഷയാത്ര വ്യാഴാഴ്ച ളാഹയിലത്തെും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.