പത്തനംതിട്ട ജങ്ഷനില്‍ പൈപ്പ് പൊട്ടി കടകളില്‍ വെള്ളം കയറി

പത്തനംതിട്ട: സെന്‍ട്രല്‍ ജങ്ഷനില്‍ വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി കടകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വന്‍ നാശനഷ്ടം. സെന്‍ട്രല്‍ ജങ്ഷനില്‍നിന്ന് പഴയ ബസ്സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ പൈപ്പാണ് ബുധനാഴ്ച രാവിലെ ഏഴോടെ പൊട്ടിയത്. വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകുകയും സമീപത്തെ കടകളിലേക്ക് ഇരച്ചു കയറുകയുമായിരുന്നു. റോഡിനോട് ചേര്‍ന്ന കടകളിലേക്കാണ് വെള്ളം ഇരച്ചു കയറിയത്. പൊട്ടിയ പൈപ്പ് സ്ഥാപിച്ചിരുന്ന ഭാഗത്തോട് ചേര്‍ന്നുള്ള കടകളിലാണ് വെള്ളം കൂടുതല്‍ കയറിയത്. രാജന്‍ തോമസിന്‍െറ ന്യൂ കൈലി സെന്‍ററിലാണ് കൂടുതല്‍ വെള്ളം കയറിയത്. കടക്കുള്ളില്‍ സൂക്ഷിച്ചിരുന്ന തുണികള്‍ മിക്കതും വെള്ളം കയറി നശിച്ച നിലയിലാണ്. തുണികള്‍ തറയില്‍ ചാക്കുകെട്ടുകളാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു. തറയില്‍ രണ്ടടിയോളം വെള്ളം പൊങ്ങിയിരുന്നു. അലമാരകളിലുള്ള തുണികളും വെള്ളം പിടിച്ചു നശിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള മുഹമ്മദ് ഇസ്മായിലിന്‍െറ പിന്‍ക്സ് മാച്ചിങ് ചോയ്സിലും വെള്ളം കയറി തുണികള്‍ നശിച്ചു. ഇവിടെയും വന്‍ നഷ്ടം ഉണ്ടായിട്ടുണ്ട്. മജീദ് സ്റ്റോര്‍, പലചരക്ക് കടകള്‍ എന്നിവിടങ്ങളിലും വെള്ളം കയറി പലചരക്ക് സാധനങ്ങള്‍ നശിച്ച നിലയിലാണ്. സെന്‍ട്രല്‍ ജങ്ഷന്‍ ഭാഗത്ത് റോഡിന്‍െറ ഇരുവശത്തുമായുള്ള കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. ചാണ്ടപ്പിള്ള ആന്‍ഡ് സണ്‍സ്, വാച്ച് കട, സുനിത ടൈം ഹൗസ്, ടൗണ്‍ ബേക്കറി, ഖലീല്‍ മെഡിക്കല്‍സ്, ഗ്രീന്‍ കോഫി വര്‍ക്സ്, മമ്മി, ഡാഡി മെന്‍സ് കലക്ഷന്‍സ്, ചാങ്ങത്തേ് ആയുര്‍വേദ ആശുപത്രി, വിനായക ജ്വല്ലറി, എ വണ്‍ ചിപ്സ് സെന്‍റര്‍, പഴക്കടകള്‍ എന്നിവിടങ്ങളിലെല്ലാം തറയില്‍ വെള്ളം കെട്ടിക്കിടക്കുന്നു. മിക്ക കടകളിലും തറയില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളപ്പാച്ചിലില്‍ ഈ ഭാഗത്തെ റോഡും തകര്‍ന്നു. പൈപ്പ് പൊട്ടി നഗരം വെള്ളത്തിലായ വിവരം അറിഞ്ഞതോടെ ആളുകള്‍ ഓടിക്കൂടി. നഗരസഭാ കൗണ്‍സില്‍ അംഗങ്ങളും ഉടന്‍ സ്ഥലത്തത്തെി വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട് നഗരത്തിലേക്കുള്ള ജലവിതരണം അടിയന്തരമായി നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. ഇതോടെ നഗരത്തിലെ ജലവിതരണവും മുടങ്ങി. ഉടന്‍ പൈപ്പിന്‍െറ അറ്റകുറ്റപ്പണിയും ആരംഭിച്ചു. കാലപ്പഴക്കമാണ് പൈപ്പ് പൊട്ടാന്‍ ഇടയാക്കിയതെന്ന് കരുതുന്നു. നഗരത്തിന്‍െറ പലഭാഗത്തും ഇത്തരത്തില്‍ പൈപ്പ് പൊട്ടുന്നത് പതിവാകുന്നുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള പൈപ്പുകളാണ് ഇവയെല്ലാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.