പഴകുളം: മേക്കുന്നുമുകള്‍ ടാര്‍ മിക്സിങ് പ്ളാന്‍റിലെ ജനകീയ സമരത്തിന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ല. മൂന്നു മാസത്തിലേറെയായി പ്രദേശവാസികള്‍ പ്രക്ഷോഭത്തിലാണ്. പഴകുളം-മേക്കുന്നു മുകള്‍-തെങ്ങമം റോഡ് സൈഡില്‍ മേക്കുന്നുമുകള്‍ ജങ്ഷനു സമീപമാണ് ടാര്‍ മിശ്രണ പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ നീക്കം നടക്കുന്നത്. ആറു മാസം മുമ്പാണ് പ്ളാന്‍റ് സ്ഥാപിക്കാനായി സ്ഥലം വാടകക്കെടുത്തത്. അഞ്ചു ലക്ഷം രൂപ ഒരുവര്‍ഷത്തേക്ക് വാടക നല്‍കിയാണ് സ്ഥലം വി.കെ.എസ് എന്ന കമ്പനി ഏറ്റെടുത്തിരിക്കുന്നതെന്ന് അറിയുന്നു. പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാനായി കമ്പനി ലൈസന്‍സിനായി പള്ളിക്കല്‍ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ലൈസന്‍സ് നല്‍കാന്‍ മുന്‍ പഞ്ചായത്ത് ഭരണസമിതി തയാറായില്ല. ഇതേതുടര്‍ന്ന് കമ്പനി പഞ്ചായത്ത് ട്രൈബ്യൂണലിനെ സമീപിച്ച് പഞ്ചായത്ത് നടപടിക്കെതിരെ ഉത്തരവ് വാങ്ങുകയും ഹൈകോടതിയെ സമീപിച്ച് പ്ളാന്‍റിന് പൊലീസ് സംരക്ഷണം നേടിയെടുക്കുകയാണ് ചെയ്തത്. പ്ളാന്‍റ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ ദൂരവ്യാപക പാരിസ്ഥിതിക പ്രശ്നം ഉണ്ടാകുമെന്നാണ് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, ഇതിനെതിരെ പ്രത്യക്ഷ സമരം ഏറ്റെടുക്കാന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തു വരുന്നില്ളെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമരങ്ങളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് സമരം നടന്നത്. പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്നകുമാരിയുടെ നേതൃത്വത്തില്‍ ശനിയാഴ്ചയും ബ്ളോക് പഞ്ചായത്ത് അംഗം വിമല്‍ കൈതക്കലിന്‍െറ നേതൃത്വത്തില്‍ ഞായറാഴ്ചയും പ്രത്യക്ഷ സമരം നടന്നു. ഹൈകോടതി വിധിയുണ്ടെന്നും ഇതിനെതിരായി പ്രതികരിച്ചാല്‍ ജാമ്യം ലഭിക്കില്ളെന്നും ചില പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ തന്നെ പ്രചരിപ്പിക്കുന്നുമുണ്ട്. ഹൈകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ പഞ്ചായത്ത് മുന്‍ഭരണസമിതി തീരുമാനപ്രകാരം കക്ഷി ചേര്‍ന്നിട്ടുണ്ടെന്നറിയുന്നു. പഞ്ചായത്തിന്‍െറ ഭാഗം ഹൈകോടതി തിങ്കളാഴ്ച കേള്‍ക്കാന്‍ തീരുമാനിച്ചെങ്കിലും മാറ്റി വെക്കുകയാണുണ്ടായത്. മാര്‍ച്ച് 31വരെയാണ് പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ ഹൈകോടതി അനുമതിയുള്ളത്. ഇതിനകം പ്രവൃത്തി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കമ്പനി അധികൃതര്‍. എന്തുവിലകൊടുത്തും പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം തടയുമെന്ന് പ്രദേശവാസികളും ജനപ്രതിനിധികളും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.