അതിക്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ബോധവത്കരണം

പത്തനംതിട്ട: കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്നതിന്‍െറ ഭാഗമായി ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ബോധവത്കരണം നല്‍കും. ഇതിനായി കര്‍മപദ്ധതി നടപ്പാക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവിയുടെ സാന്നിധ്യത്തില്‍ കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന പ്രഥമാധ്യാപകരുടെ യോഗം തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കുന്നതിന് എല്ലാ സ്കൂളിലെയും രണ്ട് അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് സ്കൂള്‍ അധികൃതര്‍ പൊലീസിന് കൈമാറുന്ന വിവരങ്ങള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നെന്ന് ഉറപ്പാക്കും. സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി തടയും. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നത് തടയും. പ്രത്യേക സംരക്ഷണവും കൗണ്‍സലിങ്ങും ആവശ്യമുള്ള വിദ്യാര്‍ഥികളുടെ വിവരം പ്രഥമാധ്യാപകര്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് കൈമാറണം. ധാര്‍മികബോധനത്തിനായി പുസ്തകം തയാറാക്കി വിദ്യാര്‍ഥികള്‍ക്ക് നല്‍കും. വീടുകളിലത്തെി വിദ്യാര്‍ഥികളും മാതാപിതാക്കളുമായി അധ്യാപകര്‍ നടത്തുന്ന കൂടിക്കാഴ്ച പ്രോത്സാഹിപ്പിക്കും. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് നിരീക്ഷണം ശക്തമാക്കും. ഹയര്‍സെക്കന്‍ഡറി-എസ്.എസ്.എല്‍.സി പരീക്ഷകളില്‍ മികച്ച വിജയം കൈവരിക്കുന്നതിന് തയാറെടുപ്പ് ആരംഭിക്കാനും തീരുമാനമായി. വിദ്യാര്‍ഥികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് കൗണ്‍സലിങ്, ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. കുട്ടികള്‍ക്കെതിരായ അതിക്രമം നടത്തുന്നവര്‍ക്കെതിരെ പോസ്കോ ആക്ട് പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. അതിക്രമങ്ങളുടെ വിവരങ്ങള്‍ കൈമാറുന്ന അധ്യാപകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ളെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.ഐ. അഗസ്റ്റിന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ.ഒ. അബീന്‍, പത്തനംതിട്ട ഡി.ഇ.ഒ കെ.പി. പ്രസന്നന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.