നഗരത്തില്‍ ഗതാഗതം തോന്നുംപോലെ

പത്തനംതിട്ട: നഗരത്തിലെ ഗതാഗത സംവിധാനം താളംതെറ്റിയ നിലയില്‍. നഗരത്തില്‍ വണ്‍വേ തെറ്റിച്ചു വാഹനങ്ങള്‍ ചീറിപ്പായുന്നത് പതിവു കാഴ്ചയാകുന്നു. നോ പാര്‍ക്കിങ് മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താലും നടപടിയില്ല. റോഡില്‍ ഓട്ടോ പാര്‍ക്കിങ് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഏറെ നാളായി പത്തനംതിട്ട നഗരത്തിലെ ഗതാഗത സംവിധാനം കുത്തഴിഞ്ഞ നിലയിലാണ്. ജനറല്‍ ആശുപത്രി ജങ്ഷന്‍ മുതല്‍ സെന്‍ട്രല്‍ ജങ്ഷന്‍വരെ വണ്‍വേ ആയിട്ടും നിയമം ലംഘിച്ച് ഇതുവഴി ഇരുചക്രവാഹനങ്ങള്‍ ചീറിപ്പായുന്നു. അമിത വേഗത്തിലാണ് ടി.കെ റോഡിലൂടെ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ മിക്ക വാഹനങ്ങളും കടന്നുപോകുന്നത്. ജനറല്‍ ആശുപത്രിക്ക് മുന്‍വശം റോഡ് ക്രോസ് ചെയ്ത് രോഗികള്‍ക്ക് ജനറല്‍ ആശുപത്രിയിലേക്ക് പോകാന്‍ പറ്റാത്തവിധമാണ് വാഹനങ്ങള്‍ ഇരു ഭാഗത്തുകൂടി സദാസമയവും ചീറിപ്പാഞ്ഞുപോകുന്നത്. ആശുപത്രിക്ക് മുന്‍വശം വാഹനങ്ങള്‍ വേഗം കുറക്കാനും തയാറല്ല. ഇവിടെ ട്രാഫിക് പൊലീസിന്‍െറ സേവനവും ലഭ്യമല്ല. നഗരത്തില്‍ നോ പാര്‍ക്കിങ് മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണ്. നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ മിക്കതും നശിപ്പിച്ച നിലയിലുമാണ്. മിനിസിവില്‍ സ്റ്റേഷന്‍പടി മുതല്‍ അറേബ്യന്‍ ജങ്ഷന്‍വരെ റോഡിന്‍െറ ഇരുവശവും വാഹന പാര്‍ക്കിങ് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇവിടെ നടപ്പാതയിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. നഗരത്തില്‍ ഓട്ടോ പാര്‍ക്കിങ്ങും തോന്നിയപോലെയാണ്. നഗരത്തില്‍ തിരക്കേറിയ റോഡുകളിലെ ഓട്ടോ സ്റ്റാന്‍ഡുകള്‍ നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.