മിന്നല്‍ പരിശോധന: സന്നിധാനത്തെ ഹോട്ടല്‍ അടപ്പിച്ചു

ശബരിമല: സന്നിധാനത്തെ ഹോട്ടലില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. ഓണ്‍ലൈനായി ലഭിച്ച പരാതിയെ തുടര്‍ന്ന് സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് വി.ആര്‍. മോഹനന്‍പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടത്തെിയത്. ഗെസ്റ്റ്ഹൗസിന് സമീപമുള്ള ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 100 കിലോയോളം ഭക്ഷ്യയോഗ്യമല്ലാത്ത പൊറോട്ടയും 40 ലിറ്റര്‍ സാമ്പാറും മറ്റ് പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതും വിതരണം നടത്തിയതും ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്ന് ഹോട്ടല്‍ അടപ്പിക്കുകയും 50,000 രൂപ പിഴയീടാക്കുകയും ചെയ്തു.ചരല്‍മേട്ടില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം വിതരണം ചെയ്ത മൂന്നു ഹോട്ടലുകളില്‍നിന്ന് പിഴയീടാക്കി. അനധികൃതമായി വഴിവാണിഭം നടത്തിയ നാലുപേരെ പൊലീസ് സഹായത്തോടുകൂടി കസ്റ്റഡിയിലെടുത്ത് പിഴയീടാക്കി സന്നിധാനത്തുനിന്ന് ഒഴിവാക്കി. മാര്‍ക്കറ്റ് ഫെഡ് ലേലത്തില്‍ പിടിച്ചിട്ടുള്ള കൊപ്രക്കളം പരിശോധിച്ചതില്‍ തൊഴിലാളികള്‍ കൊടുംവെയിലത്ത് യാതൊരു മറയുമില്ലാതെ ജോലി ചെയ്യുന്നതായും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്ത് തൊഴിലാളികള്‍ക്ക് നല്‍കുന്നതായും ശ്രദ്ധയില്‍പെട്ടു. പാചകശാല വൃത്തിയായി സൂക്ഷിക്കാനും തൊഴിലാളികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും തൊഴിലാളികള്‍ പണിയെടുക്കുന്നതിന് മുകളിലായി ആവശ്യത്തിന് ഷീറ്റിട്ട് സുരക്ഷ ഉറപ്പാക്കണമെന്നുള്ള കര്‍ശന നിര്‍ദേശം ഡ്യൂട്ടി മജിസ്ട്രേറ്റ് മാര്‍ക്കറ്റ് ഫെഡിന് നല്‍കി. പരിശോധനയില്‍ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് രാമചന്ദ്രന്‍, സ്ക്വാഡ് മെംബര്‍മാരായ രമേശന്‍, സന്ദീപ്കുമാര്‍, കെ.എ മാത്യു, വിദ്യുത്പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.