ശ്രീവല്ലഭന്‍െറ നാട്ടില്‍ കലയുടെ കൗമാരാഘോഷത്തിന് ഇന്ന് തിരിതെളിയും

തിരുവല്ല: റവന്യൂ ജില്ലാ കലോത്സവത്തിന് ശ്രീവല്ലഭന്‍െറ നാടായ തിരുവല്ലയില്‍ തിങ്കളാഴ്ച തിരിതെളിയും. തിങ്കളാഴ്ച മുതല്‍ എട്ടുവരെയാണ് കലയുടെ കേളീരവമുയരുക. രാവിലെ ഒമ്പതിന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്‍.ഐ. അഗസ്റ്റിന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്ട്രേഷന്‍. 9.30 മുതല്‍ സെന്‍റ് തോമസ് എച്ച്.എസ്.എസ് ഇരുവള്ളിപ്രയില്‍ രചനാ മത്സരങ്ങള്‍ ആരംഭിക്കും. വൈകുന്നേരം മൂന്നിന് സാംസ്കാരിക ഘോഷയാത്ര തിരുവല്ല സി.എസ്.ഐ ബധിര-മൂക വിദ്യാലത്തില്‍നിന്ന് ആരംഭിക്കും. തിരുവല്ല ഡിവൈ.എസ്.പി. കെ ജയകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്യും. 4.30ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മാത്യു ടി. തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍മാന്‍ കെ.വി. വര്‍ഗീസ് ആമുഖപ്രഭാഷണം നടത്തും. കലാമത്സരങ്ങളുടെ ഉദ്ഘാടനം ആന്‍േറാ ആന്‍റണി എം.പിയും മുഖ്യ പ്രഭാഷണം കെ.എന്‍ ബാലഗോപാല്‍ എം.പിയും നിര്‍വഹിക്കും. അധ്യാപക അവാര്‍ഡ് ജേതാക്കളെ രാജു എബ്രഹാം എം.എല്‍.എ ആദരിക്കും. തിരുവല്ല ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് പ്രഭാഷണം നിര്‍വഹിക്കും. കിന്‍ഫ്ര ഫിലിം ചെയര്‍മാന്‍ കെ. ഇ. അബ്ദുറഹ്മാന്‍ സമ്മാനദാനം നിര്‍വഹിക്കും. കലോത്സവ ലോഗോ തയാറാക്കിയ കിടങ്ങന്നൂര്‍ എസ്.വി.ജി.എച്ച്.എസ്.എസിലെ മേഘ്ന എസ്. കുമാറിനെ യോഗത്തില്‍ അനുമോദിക്കും. മത്സരഫലങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ kalolsavampta.in വെബ്സൈറ്റിലും മൊബൈല്‍ ഫോണിലും ലഭ്യമാക്കും. ജില്ലയിലെ 11 വിദ്യാഭ്യാസ ജില്ലകളില്‍നിന്നായി 4519 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കും. 10 വേദികളാണ് മത്സരത്തിനായി തയാറാക്കിയിരിക്കുന്നത്. എട്ടിന് വൈകുന്നേരം ആറിന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്യും. കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ അനുമോദന പ്രസംഗം നിര്‍വഹിക്കും. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ. സജീവ് വിജയികളെ പ്രഖ്യാപിക്കും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ സമ്മാനദാനം നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.