പത്തനംതിട്ട നഗരസഭാ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്

പത്തനംതിട്ട: ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെ പത്തനംതിട്ട നഗരസഭ. നഗരസഭാ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. പുതിയ ബസ്സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ എടുത്ത വായ്പതുക തിരിച്ചടക്കാഞ്ഞതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ.യു.ആര്‍.ഡി.എഫ്.സിയില്‍നിന്ന് വായ്പ എടുത്തതാണെങ്കിലും ഇതുവരെയും മുഴുവന്‍ തുകയും തിരിച്ചടക്കാന്‍ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. മുതലും പലിശയും അടക്കം ഏകദേശം നാലു കോടിയോളം രൂപയാണ് തിരിച്ചടക്കാനുള്ളത്. ഇതിന്‍െറ പലിശ മാത്രം മാസം അഞ്ചു ലക്ഷത്തോളം വരും. പലിശ അടക്കാന്‍പോലും നിര്‍വാഹമില്ലാത്ത സ്ഥിതിയാണ് നഗരസഭക്കെന്നറിയുന്നു. നഗരസഭാ ഫണ്ടില്‍ 56 ലക്ഷത്തോളം രൂപമാത്രമാണ് നിലവിലുള്ളത്. ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിനെടുത്ത പണം എത്രയും വേഗം തിരിച്ചടക്കാനാവശ്യപ്പെട്ട് ബാങ്ക് ജപ്തി നോട്ടീസുവരെ അയച്ചു. എന്നാല്‍, പലിശ അടച്ച് തല്‍ക്കാലം രക്ഷപ്പെടാനാണ് നഗരസഭ ശ്രമിക്കുന്നത്. ഇതിന് മാത്രം 50 ലക്ഷത്തോളം രൂപ വേണ്ടിവരും. എന്നാല്‍, പലിശ അടച്ചുകഴിഞ്ഞാല്‍ വിവിധ നികുതികള്‍ പിരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വരുമാന വര്‍ധന ഉണ്ടായാലേ പ്രതിസന്ധിമറികടക്കാനുമാകൂ. ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിന്‍െറ കുടിശ്ശികയുടെ പേരില്‍ നഗരസഭയുടെ പേരിലുള്ള ജില്ലാ സഹ. ബാങ്ക്, സബ്ട്രഷറി, ഐ.ഡി.ബി.ഐ എന്നീ ബാങ്കുകളിലെ അക്കൗണ്ടുകള്‍ ഇപ്പോള്‍ മരവിപ്പിച്ച നിലയിലാണ്. ജീവനക്കാര്‍ക്ക് ശമ്പളം വകയില്‍ മാത്രം 17 ലക്ഷത്തോളം രൂപ വേണ്ടിവരും. എന്നാല്‍, തനത് ഫണ്ടില്‍നിന്നുമാണ് ശമ്പളം നല്‍കുന്നത്. മറ്റ് വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഗുണഭോക്തൃ വിഹിതങ്ങള്‍ നല്‍കാനുമൊന്നും ഫണ്ടില്ലാതെ നഗരസഭ വിഷമിക്കുകയാണ്. ഭവന നിര്‍മാണം, വീട് മെയിന്‍റനന്‍സ്, റോഡുകളുടെ അറ്റകുറ്റപ്പണി എന്നിവക്കൊന്നും പണം നല്‍കാന്‍ കഴിയാതെ നഗരസഭ ഗുരുതര പ്രതിസന്ധി നേരിടുകയാണ്. ഇതിനിടെ നഗരസഭയില്‍ കമ്പ്യൂട്ടറുകളുടെ സോഫ്റ്റ്വെയര്‍ തകരാറും പ്രശ്നം സങ്കീര്‍ണമാക്കിയിട്ടുണ്ട്. പുതിയ ബസ്സ്റ്റാന്‍ഡിലെ കടമുറികളിലെ വാടകയും വിവിധ നികുതികളും ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയാണ് പിരിച്ചെടുക്കാനുള്ളത്. ഈ തുകകള്‍ പിരിച്ചെടുത്ത് നഗരസഭയെ കരകയറ്റാനുള്ള കര്‍ശന നടപടിയൊന്നും പുതിയ ഭരണ സമിതി സ്വീകരിച്ചിട്ടില്ല. പുതിയ ഭരണ സമിതിയുടെ തുടക്കത്തില്‍ നഗരസഭയുടെ മാസ്റ്റര്‍ പ്ളാനുമായി ബന്ധപ്പെട്ട് ഒരു ഫയല്‍ വിവാദം ഉണ്ടാക്കാന്‍ മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. ഫയല്‍ കാണാതായെന്നും എന്നാല്‍, പിന്നീടിത് ഒരു കേസുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ നല്‍കിയിരിക്കുകയാണെന്നുമാണ് പറയുന്നത്. അവസാനം ഈ ഫയല്‍ നഗരസഭയില്‍ തിരികെയത്തെിയെന്നും പറയുന്നു. ഫയല്‍ കാണാതായത് സംബന്ധിച്ച് നഗരസഭയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും സ്ഥലം മാറിപ്പോയ സെക്രട്ടറിയെ ഉപരോധിക്കുന്നത് ഉള്‍പ്പെടെയുള്ള നാടകീയ രംഗങ്ങള്‍ക്കും ഇടയാക്കിയിരുന്നു. പിന്നീടത് കെട്ടടങ്ങി. നഗരസഭ ഭരണത്തില്‍ ദിശാബോധം നഷ്ടപ്പെട്ടെന്ന വിമര്‍ശവുമായി യൂത്ത്കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ രംഗത്തുവന്നതും ശ്രദ്ധേയമായി. വന്‍പ്രതീക്ഷയോടെയാണ് ജനം ഭരണം യു.ഡി.എഫിനെ വീണ്ടും അധികാരത്തില്‍ എത്തിച്ചതെന്നും എന്നാല്‍, ഭരിക്കുന്നതിന് പകരം ഇടതുപക്ഷവുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ് ചില കോണ്‍ഗ്രസുകാര്‍തന്നെ ശ്രമിക്കുന്നതെന്നുമാണ് യൂത്ത്കോണ്‍ഗ്രസിന്‍െറ ആരോപണം. നഗരസഭയില്‍ കോണ്‍ഗ്രസുകാര്‍ തന്നെ പരസ്പരം പാരകളായി മാറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇതിനിടെ ഉദ്യോഗസ്ഥരാകട്ടെ അവരുടെ ഇഷ്ടത്തിനുള്ള ഭരണവും നടത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.