പറന്തല്‍ മുതല്‍ മാന്തുകവരെ എം.സി റോഡ് കുരുതിക്കളമാകുന്നു

പന്തളം: എം.സി റോഡില്‍ പറന്തല്‍ മുതല്‍ മാന്തുകവരെ അപകടമേഖലയായി മാറുന്നു. അപകടങ്ങളില്‍ മനുഷ്യജീവനുകള്‍ പൊലിയുമ്പോഴും വേഗം നിയന്ത്രിക്കാന്‍ ഉപാധിയില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് അധികൃതര്‍. നവീകരണം കഴിഞ്ഞതോടെ ഏറെ തിരക്കേറിയ പാതയാണ് എം.സി റോഡ്. ചെറുതും വലുതുമായി ദിനംപ്രതി നിരവധി അപകടങ്ങളാണിവിടെ സംഭവിക്കുന്നത്. നിരവധി ജീവന്‍ പൊലിയുകയും ഏറെപ്പേര്‍ക്ക് സ്ഥിരമായി അംഗവൈകല്യം സംഭവിക്കുകയും ചെയ്ത അപകടങ്ങള്‍ ഏറെയാണ്. ബുധനാഴ്ച കുരമ്പാല ഇടയാടി സ്കൂളിന് സമീപം ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാര്‍ക്ക് പരിക്കുപറ്റിയതും ചൊവ്വാഴ്ച ഉച്ചയോടെ മാന്തുക ജങ്ഷനില്‍ നടന്ന അപകടത്തില്‍ രണ്ടുപേരുടെ ജീവന്‍ പൊലിഞ്ഞതും അവസാനത്തെ സംഭവമാണ്. വാഹനപരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍വരെ ഇവിടെ നിന്ന് അപകടത്തില്‍ മരിച്ചിട്ടുണ്ട്. വാഹനങ്ങളുടെ തിരക്കേറുന്നതും അമിതവേഗവും അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നു. അപകടമുണ്ടാകുമ്പോള്‍ മാത്രമാണ് അധികൃതര്‍ ഉണരുക. ദിവസങ്ങള്‍ കഴിയുമ്പോള്‍തന്നെ എല്ലാവരും അതു മറക്കുകയും ചെയ്യുന്നു. പറന്തലിനും മാന്തുകക്കുമിടയില്‍ രണ്ടിടത്താണ് കാമറ നിരീക്ഷണമുള്ളത്. സ്ഥിരയാത്രക്കാരായവര്‍ ഈ ഭാഗങ്ങളില്‍ എത്തുമ്പോള്‍ വേഗം കുറക്കുകയാണ് പതിവ്. ഇതുമൂലം ഇവരുടെ അമിതവേഗം കാമറ നിരീക്ഷണത്തില്‍ പതിയാറുമില്ല. പറന്തല്‍, കുരമ്പാല, മാന്തുക എന്നീ ഭാഗങ്ങളാണ് എം.സി റോഡില്‍ സ്ഥിരമായ അപകടമേഖലയാകുന്നത്. ഏറെ മനുഷ്യജീവനുകള്‍ അപകടത്തില്‍ നഷ്ടപ്പെട്ടിട്ടുള്ളതും ഈ ഭാഗങ്ങളിലാണ്. ഈ ഭാഗങ്ങളില്‍ റോഡ് ഏറെ ദൂരം നേരെയാണെന്നത് വാഹനങ്ങളുടെ വേഗം വര്‍ധിപ്പിക്കുന്നു. ഇതാണ് കൂടുതല്‍ അപകടങ്ങള്‍ക്കും കാരണം. ഈ സ്ഥലങ്ങളില്‍ റോഡില്‍ താല്‍ക്കാലിക സ്പീഡ് ബ്രേക്കറുകള്‍വെച്ചാല്‍ അപകടങ്ങള്‍ കുറക്കാന്‍ കഴിയുമെന്നാണ് ഉയര്‍ന്നു വരുന്ന അഭിപ്രായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.