മുച്ചക്രവാഹന വിതരണത്തില്‍ വന്‍ ക്രമക്കേട്

പന്തളം: പന്തളം ബ്ളോക് പഞ്ചായത്ത് 2015-16 പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികലാംഗര്‍ക്ക് നല്‍കിയ മുച്ചക്രവാഹന വിതരണത്തിലും 14 ലക്ഷം രൂപ മുടക്കി സോളാര്‍ ലാമ്പുകള്‍ സ്ഥാപിച്ചതിലും വന്‍ക്രമക്കേട് നടന്നതായി കോണ്‍ഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. മുച്ചക്രവാഹന വിതരണത്തില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത് ഒരു മാനദണ്ഡവുമില്ലാതെയാണ്. പാവപ്പെട്ട വികലാംഗരുടെ അപേക്ഷകള്‍ തള്ളി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുമാണ് മുച്ചക്രവാഹനങ്ങള്‍ നല്‍കിയിട്ടുള്ളത്. പഞ്ചായത്ത് നല്‍കുന്ന ഗുണഭോക്തൃ ലിസ്റ്റില്‍നിന്നുവേണം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനെന്നിരിക്കെ ഒരു മാനദണ്ഡവും പാലിക്കാതെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത് എന്ന് വിവരാവകാശ രേഖകള്‍ പറയുന്നു. ബ്ളോക് പഞ്ചായത്ത് നല്‍കിയ വിവരാവകാശ രേഖയില്‍ പന്തളം ഗ്രാമപഞ്ചായത്ത് നല്‍കിയ ഗുണഭോക്തൃ ലിസ്റ്റനുസരിച്ചാണ് മുച്ചക്രവാഹനങ്ങള്‍ നല്‍കിയതെന്നും ഗുണഭോക്തൃ ലിസ്റ്റ് നല്‍കിയിട്ടില്ളെന്ന് പഞ്ചായത്ത് നല്‍കിയ വിവരാവകാശരേഖയും വ്യക്തമാക്കുന്നു. ബ്ളോക് പഞ്ചായത്ത് മുന്‍ഭരണസമിതിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് താല്‍പര്യമുള്ളവര്‍ക്ക് വാഹനം നല്‍കുകയായിരുന്നെന്ന് ഇത് വ്യക്തമാക്കുന്നു. ബ്ളോക്കിലെ പട്ടികജാതി കേന്ദ്രങ്ങളില്‍ 14 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച സൗരോര്‍ജ വിളക്കുകള്‍ സ്തൂപങ്ങളായി നിലനില്‍ക്കുന്നതല്ലാതെ ഒന്നുപോലും പ്രകാശിക്കുന്നില്ല. സൗരോര്‍ജ വിളക്കിന്‍െറ സാമഗ്രികള്‍ മുന്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ വീട്ടുമുറ്റത്ത് കൂട്ടിയിട്ടിരിക്കുകയാണ്. പദ്ധതികളിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പന്തളം ബ്ളോക് പഞ്ചായത്ത് ഓഫിസ് ഉപരോധിക്കാന്‍ കോണ്‍ഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്‍റ് കെ.ആര്‍. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ.കെ. പ്രതാപന്‍,എന്‍.ജി. സുരേന്ദ്രന്‍, തൈക്കൂട്ടത്തില്‍ സക്കീര്‍, ജില്ലാ സെക്രട്ടറി അഡ്വ.ഡി.എന്‍. തൃദീപ്, കെ.എന്‍. അച്യുതന്‍, വൈ. യാക്കൂബ്, ബി. നരേന്ദ്രനാഥ്, ഉണ്ണികൃഷ്ണപിള്ള, സോളമന്‍ വരവുകാലയില്‍, പരിയാരത്ത് ഗോപിനാഥന്‍ നായര്‍, വി.എം. അലക്സാണ്ടര്‍, കുട്ടപ്പന്‍ നായര്‍, രത്നമണി സുരേന്ദ്രന്‍, കൗണ്‍സിലര്‍മാരായ പന്തളം മഹേഷ്, ആനിജോണ്‍, മഞ്ജു വിശ്വനാഥ്, ജി. അനില്‍കുമാര്‍, സുനിത വേണു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.