തിരുവല്ല: ജലവിതരണ കുഴലുകളെ കൂട്ടിയോജിപ്പിക്കുന്നതിനായി നിര്‍ത്തിവെച്ച ജലവിതരണം ഞായറാഴ്ച പുനരാരംഭിക്കും. എട്ടു മുതല്‍ 12വരെയുള്ള ദിനങ്ങളില്‍ പണി പൂര്‍ത്തിയാക്കി 13ന് ജലവിതരണം ആരംഭിക്കും എന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, കുഴലുകളെ ബന്ധിപ്പിക്കുന്ന ജോലികള്‍ക്കായി എടുത്ത കുഴികളില്‍ വിവിധ ടെലിഫോണ്‍ കമ്പനികളുടെ ഒപ്റ്റിക്കല്‍ കേബ്ളുകള്‍ ഉണ്ടായിരുന്നതിനാല്‍ ജോലിയില്‍ കാലതാമസം നേരിട്ടിരുന്നു. എക്സ്കവേറ്റര്‍ ഉപയോഗിച്ച് കുഴിയെടുക്കാന്‍ കഴിയാതായതോടെ ജോലിക്കാര്‍ നേരിട്ടാണ് പിന്നീട് കുഴികളെടുത്തത്. കുഴലുകളെ ബന്ധിപ്പിക്കുന്ന ജോലികള്‍ തീര്‍ത്ത് കൂട്ടിയോജിപ്പിക്കുന്ന ഭാഗത്തുള്ള കോണ്‍ക്രീറ്റിങ്ങും വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പൂര്‍ത്തിയായിരുന്നു. എന്നാല്‍, കോണ്‍ക്രീറ്റ് ഉറയ്ക്കാതെ പമ്പിങ് നടത്താന്‍ കെ.എസ്.ടി.പി അനുവദിക്കാഞ്ഞതിനാലാണ് ജലവിതരണം ആരംഭിക്കാന്‍ ഒരു ദിവസം കൂടി കാലതാമസമെടുത്തത്. ഞായറാഴ്ച രാവിലെ പമ്പിങ് ആരംഭിച്ച് കുഴലുകളില്‍ കെട്ടിക്കിടക്കുന്ന അശുദ്ധജലം പുറത്തുകളയുകയും അതോടൊപ്പം കൂട്ടിയോജിപ്പിക്കുന്ന ഭാഗത്തെ ചോര്‍ച്ചയും പരിശോധിക്കും. ചോര്‍ച്ച ഉണ്ടായില്ളെങ്കില്‍ ഞായറാഴ്ച വൈകീട്ടോടെ ജലവിതരണം പുനരാരംഭിക്കുമെന്ന് ജലവിതരണവകുപ്പ് അസി. എക്സി. എന്‍ജിനീയര്‍ അറിയിച്ചു. എം.സി റോഡിലെ തുകലശേരി മുതല്‍ മഴുക്കീര്‍വരെയുള്ള ഭാഗങ്ങളില്‍ പഴയ 700 എം.എം എ.സി പൈപ്പിനു പകരം പുതുതായി 700 എം.എം ഡി.ഐ പൈപ്പ് സ്ഥാപിച്ചിരുന്നു. കല്ലിശേരിയില്‍നിന്ന് തിരുവല്ല, ചങ്ങനാശേരി നഗരസഭകളിലേക്ക് ജലവിതരണം നടത്തി വരുന്ന കുഴലുമായി പുതിയ കുഴലുകളെ ബന്ധിപ്പിക്കുന്ന ജോലികളാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. ഈ ഭാഗങ്ങളില്‍ റോഡിന് കുറുകെ 40 മീറ്റര്‍ നീളത്തില്‍ രണ്ടരമീറ്റര്‍ താഴ്ചയിലാണ് പുതിയ കുഴല്‍ സ്ഥാപിച്ചത്. ഈ ഭാഗത്ത് റോഡിനടിയില്‍ ഉണ്ടായിരുന്ന കേബ്ളുകളാണ് കാലതാമസത്തിന് ഇടയാക്കിയത്. തിരുവല്ല, ചങ്ങനാശേരി നഗരസഭകള്‍, കുറ്റൂര്‍, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലെ ജലവിതരണമാണ് കഴിഞ്ഞ എട്ടുമുതല്‍ നിര്‍ത്തിവെച്ചത്. കഴിഞ്ഞ അഞ്ചു ദിവസമായി നിര്‍ത്തിവെച്ചിട്ടുള്ള കുടിവെള്ള വിതരണം ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ ജനത്തെ ദുരിതത്തിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.