തിരുവല്ല കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ അസൗകര്യം യാത്രക്കാരെ വലക്കുന്നു

തിരുവല്ല: കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ അടിസ്ഥാന സൗകര്യം ഇല്ലാത്തത് യാത്രക്കാരെ വലക്കുന്നു. ഇതെ ചൊല്ലി യാത്രക്കാരും ജീവനക്കാരും തമ്മില്‍ വാക്കേറ്റവും പതിവായി. ഇവിടത്തെ പൈപ്പുകള്‍ പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായി. ആകെയുള്ള ഒരു പൊതു ടാപ്പില്‍നിന്ന് ഹോസിട്ടാണ് ശുചിമുറികളിലേക്ക് വെള്ളമത്തെിക്കുന്നത്. ഉപയോഗത്തിന് ആവശ്യമായ വെള്ളം ലഭിക്കാതായതോടെ ശുചിമുറികള്‍ ദുര്‍ഗന്ധപൂരിതമാണ്. സമീപത്തെ പൈപ്പില്‍നിന്ന് വൃത്തിഹീനമായ ബക്കറ്റുകളില്‍ വെള്ളമെടുത്താണ് യാത്രക്കാര്‍ കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും കൊണ്ടുപോകുന്നത്. ശുചിമുറിയുടെ ഓവുചാല്‍ തകരാറിലായിട്ട് നാളുകള്‍ ഏറെയായി. മല്ലപ്പള്ളി, കായംകുളം, പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്ത് ദുര്‍ഗന്ധംമൂലം യാത്രക്കാര്‍ക്ക് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സെപ്റ്റിക് ടാങ്ക് പലപ്പോഴും ബ്ളോക്കാകുന്നതും ഇവിടെ പതിവാണ്. പണം നല്‍കി ഉപയോഗിക്കുന്ന വൃത്തിഹീനമായ ശുചിമുറിയെക്കുറിച്ച് യാത്രക്കാര്‍ ആരെങ്കിലും പരാതി പറഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്ക് സുഖിക്കാറില്ല. യാത്രക്കാര്‍ക്ക് ബസ്സ്റ്റാന്‍ഡിനുള്ളില്‍ കുടിവെള്ളം ലഭിക്കാനില്ളെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ആകെയുള്ള ഒരു ടാപ്പില്‍നിന്നുമാണ് ബസുകള്‍ കഴുകുന്നതിനും ശുചിമുറികളിലേക്കും വെള്ളമെടുക്കുന്നത്. കഴിഞ്ഞ ദിവസം യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്ന ഭാഗത്തെ ഫാനുകള്‍ പ്രവര്‍ത്തിക്കാത്തതിനെ ചിലര്‍ ചോദ്യം ചെയ്തത് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചു. ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ട ചുമതല തങ്ങളുടേതല്ളെന്നും കെ.എസ്.ഡി.എഫ്.സി ഓഫിസില്‍ പോയി വിവരം തിരക്കാനും സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസില്‍നിന്ന് പറഞ്ഞതാണ് പ്രശ്നത്തിന് ഇടയാക്കിയത്. ഇതേചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മറ്റ് യാത്രക്കാരും പങ്കുചേര്‍ന്നതോടെ പ്രശ്നം രൂക്ഷമായി. പിന്നീട് എ.ടി.ഒയോടും എം.എല്‍.എയോടും പരാതി അറിയിച്ചതിനെ തുടര്‍ന്ന് ഫാനുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ അവസാനിച്ചത്. ടെര്‍മിനലില്‍ സജ്ജീകരിച്ചിരിക്കുന്ന ഫാനുകള്‍ പ്രവര്‍ത്തിക്കാതായിട്ട് മാസങ്ങള്‍ പിന്നിട്ടിരുന്നു. ഫാനുകള്‍ മാറാല പിടിച്ച അവസ്ഥയിലാണ് കിടക്കുന്നത്. അമിതവാടക നിശ്ചയിച്ചതിനാല്‍ കെട്ടിടത്തിലെ ബഹുഭൂരിപക്ഷം മുറികളും ലേലത്തില്‍ പോയിട്ടില്ല. ഇവകൂടി ലേലംകൊണ്ട് പ്രവര്‍ത്തനം ആരംഭിച്ചാല്‍ ശുചിമുറിയുടെ ഉപയോഗം വളരെ കൂടും. വിസ്തൃതി കുറഞ്ഞ ഓവുചാലില്‍ ഇപ്പോള്‍തന്നെ മലിനജലം കെട്ടിക്കിടക്കുകയാണ്. ഇതുമൂലം കൊതുകുശല്യവും ഏറിയിട്ടുണ്ട്. അന്തര്‍സംസ്ഥാന ബസുകള്‍ അടക്കം സര്‍വിസ് നടത്തുന്ന ടെര്‍മിനലില്‍ അടിസ്ഥാന സൗകര്യം ഇല്ലാത്ത അവസ്ഥ കെ.ടി.എഫ്.സിയുടെ തലയില്‍ചാരി രക്ഷപ്പെടാനാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ശ്രമിക്കുന്നത്. ബി.ഒ.ടി അടിസ്ഥാനത്തിലാണ് കെ.ടി.എഫ്.സിക്ക് ടെര്‍മിനല്‍ ലീസിന് നല്‍കിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.