ആറന്മുള കരിമാരം തോട്ടിലെ മണ്ണ് നീക്കാന്‍ തീരുമാനം

പത്തനംതിട്ട: ആറന്മുളയില്‍ വിമാനത്താവള പദ്ധതിക്കുവേണ്ടി നികത്തിയ കരിമാരംതോട് പൂര്‍വസ്ഥിതിയിലാക്കുന്ന ജോലികള്‍ തിങ്കളാഴ്ച പുനരാരംഭിക്കും. തോട്ടിലെ മണ്ണു നീക്കാന്‍ ഹൈകോടതി ഉത്തരവിട്ടിട്ടും കലക്ടര്‍ അതിന് മുതിര്‍ന്നിരുന്നില്ല. കലക്ടര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടി തുടങ്ങിയതോടെ തോട്ടിലെ മണ്ണു നീക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതായിരുന്നു. കോടതി അലക്ഷ്യ നടപടികളില്‍നിന്ന് ഒഴിവാകാന്‍ നേരത്തേ 20 സെന്‍റിലെ മണ്ണു നീക്കിയിരുന്നു. പിന്നീട് പ്രവര്‍ത്തനം നിലച്ചു. മണ്ണ് നിക്ഷേപിക്കാന്‍ ഇടമില്ളെന്നു പറഞ്ഞായിരുന്നു ഇത്. ഇതിനെതിരെ കൃഷിക്കാരനായ ആറന്മുള സ്വദേശി മോഹനന്‍ കലക്ടറെ സമീപിച്ചിരുന്നു. ഹൈകോടതിയില്‍ കേസ് നല്‍കിയതും മോഹനനാണ്. ഇതേതുടര്‍ന്ന് കലക്ടര്‍ എസ്. ഹരികിഷോര്‍ ബന്ധപ്പെട്ടവരുടെ യോഗം ചൊവ്വാഴ്ച വിളിച്ചു. പ്രദേശത്ത് ആദ്യം സ്ഥലം വാങ്ങിയ വ്യവസായിയായ എബ്രഹാം കലമണ്ണിലാണ് മണ്ണിട്ട് തോട് മൂടിയത്. അദ്ദേഹം തന്നെയാണ് മണ്ണു നീക്കേണ്ടതും. എബ്രഹാം കലമണ്ണില്‍തന്നെ മണ്ണു നിക്ഷേപിക്കാന്‍ സ്ഥലം നല്‍കാമെന്ന് കലക്ടറെ അറിയിച്ചു. മണ്ണ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് റോയല്‍റ്റി അടച്ചുതന്നെ വിട്ടുനല്‍കാമെന്നും അദ്ദേഹം പറഞ്ഞു. ഹൈകോടതിവിധി അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും. റെയില്‍വേ 5000 ഘനമീറ്റര്‍ മണ്ണ് വേണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. ഇതടക്കം സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് റോയല്‍റ്റിയില്ലാതെ തന്നെ മണ്ണ് കൊണ്ടുപോകാമെന്ന് കലക്ടര്‍ പറഞ്ഞു. മണ്ണ് നീക്കത്തിന്‍െറ കാര്യങ്ങള്‍ അടുത്ത ദിവസം ജിയോളജി വകുപ്പ് പരിശോധിക്കും. പദ്ധതിപ്രദേശത്തുനിന്നുള്ള വഴിയില്‍ കെ.ജി.എസ് ഗ്രൂപ് അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. പക്ഷേ, അവിടേക്ക് പൊതുവഴിയും ഉണ്ട്. കോടതി ഉത്തരവ് നടപ്പാക്കാന്‍ ഏതുവഴിയും ഉപയോഗിക്കാന്‍ കലക്ടറുടെ അധികാരം വിനിയോഗിക്കും. തടസ്സവാദം നിലനില്‍ക്കില്ല. ഇതേവരെ 2058 ലോഡ് മണ്ണാണ് നീക്കിയത്. മൊത്തം 6.32 ഏക്കറിലെ മണ്ണാണ് മാറ്റേണ്ടത്. മണ്ണുനീക്കി പാടം കൃഷിക്ക് യോഗ്യമാക്കണമെന്ന് പൈതൃക സമിതിക്കുവേണ്ടി ഇന്ദുചൂഡന്‍, അഡ്വ.കെ. ഹരിദാസ്, പി.ആര്‍. ഷാജി, ഹരജിക്കാരനായ മോഹനന്‍ എന്നിവര്‍ പറഞ്ഞു. വിധി നടപ്പാക്കുകയാണ് വേണ്ടതെന്ന് അവര്‍ വാദിച്ചു. മണ്ണു നീക്കാതെ കലക്ടര്‍ വിമാനത്താവള നിര്‍മാണ കമ്പനിയായ കെ.ജി.എസിന്‍െറ താല്‍പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണം ശക്തമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് അനുമതികള്‍ നിഷേധിച്ചതോടെ പദ്ധതി അടഞ്ഞ അധ്യായമായിരുന്നു. അതിനിടെ കെ.ജി.എസ് വന്‍ കടക്കെണിയിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. വിമാനത്താവള പദ്ധതി മുന്‍ നിര്‍ത്തി വന്‍ തോതില്‍ വായ്പയെടുക്കുകയും പദ്ധതി മുടങ്ങിയതോടെ അവ തിരിച്ചടക്കാനാകാതെ കടക്കെണിയില്‍ പെടുകയായിരുന്നുവെന്നുമാണ് പറയപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.