കാര്‍ഷികയന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

അടൂര്‍: കാര്‍ഷികഗ്രാമമായ പള്ളിക്കലില്‍ കാര്‍ഷികയന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. സംസ്ഥാനത്തിന്‍െറ പൈതൃകമായ നെല്‍കൃഷിയെ പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ഭാഗികമായെങ്കിലും നടപ്പാകുമ്പോള്‍ കൊയ്ത്തിനും കറ്റമെതിക്കും മാനുഷിക അധ്വാനം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇതിനായ് ഉപയോഗപ്പെടുത്താവുന്ന യന്ത്രങ്ങള്‍ നശിക്കുന്നത്. മേക്കുന്നുമുകള്‍ പള്ളിക്കല്‍ ഏലായില്‍ മൂന്നുവര്‍ഷം മുമ്പ് കറ്റ മെതിക്കാനായി കൊണ്ടുവന്ന മെതിയന്ത്രം അന്ന് ഉപേക്ഷിച്ചുപോയതാണ്. വയലിന് സമീപം പാതയരികല്‍ കാടുകയറി യന്ത്രം തുരുമ്പിച്ച് നശിക്കുകയാണ്. കൃഷിവകുപ്പ് കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ മുഖേന വാങ്ങി ഏലാ വികസന സമിതികളെ ഏല്‍പിച്ച യന്ത്രമാണിത്. തോട്ടുവയില്‍ ഒരു ട്രില്ലറും പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം ഒരു ട്രാക്ടറും കിടന്ന് നശിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഓരോവര്‍ഷവും വിളവെടുപ്പുസമയത്ത് ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ പിന്നീട് നോക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുമ്പോഴും അത് ശരിയാക്കി ഉപയോഗിക്കാതെ പുതിയ ഉപകരണങ്ങള്‍ വാങ്ങാനാണ് അധികൃതര്‍ക്ക് താല്‍പര്യം.കൃഷിവകുപ്പിന് അനുവദിക്കപ്പെടുന്ന യന്ത്രങ്ങള്‍ ഏലാ വികസന സമിതികളെയൊ പാടശേഖര സമിതിയെയൊ ഏല്‍പിക്കുകയാണ് പതിവ്. കൃഷിയിടങ്ങളില്‍ ഇറക്കുന്നതിന് ചെറിയൊരു വാടകയും ഇവര്‍ ഈടാക്കാറുണ്ട്. എന്നാല്‍, എന്തെങ്കിലും അറ്റകുറ്റപ്പണി ഉണ്ടാകുമ്പോള്‍ യന്ത്രങ്ങള്‍ വഴിയില്‍ തന്നെ ഉപേക്ഷിക്കപ്പെടുകയാണ്. ഓരോ സമിതികള്‍ക്കും യന്ത്രങ്ങള്‍ നിബന്ധനകള്‍വെച്ച് നല്‍കിയാല്‍ പിന്നെ കൃഷിവകുപ്പ് ഇതേപ്പറ്റി അന്വേഷിക്കാറുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.