പത്തനംതിട്ട: ജില്ല കടുത്ത വരള്‍ച്ചയിലേക്ക്. പമ്പ, അച്ചന്‍കോവില്‍, മണിമല, കല്ലട നദികളിലെല്ലാം ജലനിരപ്പ് കുറഞ്ഞതോടെ ജില്ലയിലെ ഭൂഗര്‍ഭ ജലനിരപ്പും ക്രമാതീതമായി താഴ്ന്നു തുടങ്ങി. കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങാനും തുടങ്ങി. ജലസ്രോതസ്സുകള്‍ വറ്റിവരണ്ടതോടെ നദീതീരങ്ങളിലെ കിണറുകളിലും ജലാശയങ്ങളിലും ജലനിരപ്പ് താണു. നദികളിലെ ജലനിരപ്പ് താഴ്ന്നതോടെ ജലവിതരണ പദ്ധതികളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു തുടങ്ങി. ജില്ലയില്‍ പമ്പയുടെ തീരത്തു മാത്രം 18 പ്രധാന ശുദ്ധജല വിതരണ പദ്ധതികളാണുള്ളത്. നദിയോടു ചേര്‍ന്നു കിണറുകള്‍ നിര്‍മിച്ച് വെള്ളം പമ്പ് ചെയ്യുന്ന പദ്ധതികളുടെ പ്രവര്‍ത്തനം ഇപ്പോള്‍ നിലച്ച മട്ടിലാണ്. മിക്ക പദ്ധതികളിലും ചളിവെള്ളമാണ് പമ്പു ചെയ്യുന്നത്. ഇതോടെ കിണറുകളോടു ചേര്‍ന്നു താല്‍ക്കാലിക തടയണകള്‍ നിര്‍മിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പുതുതായി തുടങ്ങിയ പദ്ധതികളടക്കം മണിമല, അച്ചന്‍കോവില്‍ നദികളോടു ചേര്‍ന്ന ജല വിതരണ പദ്ധതികളുടെ നിലനില്‍പും ഇപ്പോള്‍ ആശങ്കയിലാണ്. ജലവൈദ്യുതി പദ്ധതികളുടെ സംഭരണികളിലും ജലനിരപ്പ് കുറഞ്ഞു തുടങ്ങി. കഴിഞ്ഞ മഴക്കാലത്ത് ജലനിരപ്പ് 90 ശതമാനം വരെയത്തെിയ സംഭരണികളിലാണ് വേനലിന്‍െറ കാഠിന്യത്തില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്നത്. ജലനിരപ്പ് താഴുന്നത് പ്രധാന പദ്ധതികളായ ശബരിഗിരി, കക്കാട് എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. പമ്പ ജലസേചന പദ്ധതിക്കുവേണ്ടി മണിയാര്‍ സംഭരണിയില്‍നിന്ന് വെള്ളം എത്തിക്കേണ്ടതിനാല്‍ മണിയാര്‍ കാര്‍ബോറാണ്ടം ജലവൈദ്യുതി പദ്ധതിയുടെ പ്രവര്‍ത്തനം വേനല്‍ക്കാലത്ത് നിര്‍ത്തിവെക്കുകയാണ് പതിവ്. കക്കാട് പദ്ധതിയിലെ ഉല്‍പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കേണ്ട അള്ളുങ്കല്‍, കാരിക്കയം, പെരുനാട് പദ്ധതികളിലും ഉല്‍പാദനം നാമമാത്രമായി. വിവിധ സ്ഥലങ്ങളിലെ കാര്‍ഷിക വിളകളെല്ലാം ഉണങ്ങി തുടങ്ങിയിട്ടുണ്ട് .കുരുമുളക്, വാഴ,തെങ്ങ്, കമുക് ഇവയെല്ലാം നശിച്ചു തുടങ്ങിയിട്ടുണ്ട്. വയലുകളിലെ കൃഷികളെയും വരള്‍ച്ച ബാധിച്ചിട്ടുണ്ട്. മിക്കയിടത്തും പച്ചക്കറി കൃഷി നടത്തുന്ന സമയമാണിപ്പോള്‍. കിഴക്കന്‍ മേഖലയിലെ കാട്ടരുവികളും നീരുറവകളും മാസങ്ങള്‍ക്ക് മുമ്പേ വറ്റി വരണ്ട നിലയിലുമാണ്. നദിയുടെ അടിത്തട്ട് താഴ്ന്നതും ജലമൊഴുക്കിനെ ബാധിച്ചിട്ടുണ്ട്. ഭൂരിഭാഗം പദ്ധതികളിലും ജല ശുദ്ധീകരണം കാര്യക്ഷമമല്ല. ക്ളോറിനേഷന്‍ നടത്തിയാണ് വെള്ളം പമ്പു ചെയ്യുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പെയ്ത മഴയില്‍ പെട്ടെന്ന് നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നുവെങ്കിലും വേനല്‍ കടുത്തതോടെ ജലനിരപ്പും താഴ്ന്നു. നദിയുടെ അടിത്തട്ടുകള്‍ താഴ്ന്നു കിടക്കുന്നതാണ് ജലനിരപ്പ് വളരെ വേഗം താഴാന്‍ കാരണമെന്നു വിലയിരുത്തുന്നു. ജില്ലയില്‍ പകല്‍ താപനില ദിവസവും ഉയരുകയാണിപ്പോള്‍. ശരാശരി 35 ഡിഗ്രിവരെ അന്തരീക്ഷ താപനിലയുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലൊന്നായ പുനലൂരില്‍ 35 ഡിഗ്രിയാണ് ശരാശരി താപനില. ഈ സ്ഥിതി തന്നെയാണ് ജില്ലയിലും. തണ്ണീര്‍ത്തടങ്ങളും പാടങ്ങളും കുറഞ്ഞതോടെ പടിഞ്ഞാറന്‍ മേഖലയിലും അസഹ്യമായ ചൂടാണ്. തിരുവല്ലയിലും 34 ഡിഗ്രി ചൂട് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയിരുന്നു. വേനല്‍ മഴ ലഭിക്കാത്തതും ജില്ലയില്‍ ചൂട് വര്‍ധിക്കാന്‍ കാരണമാണ്. മുന്‍വര്‍ഷങ്ങളില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വേനല്‍മഴ ലഭിച്ചിരുന്നു. അന്തരീക്ഷ താപനില ഉയരുന്നത് ജലക്ഷാമത്തോടൊപ്പം മറ്റു ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ആരോഗ്യവകുപ്പ് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. സൂര്യാതപം മൂലം മുന്‍ വര്‍ഷങ്ങളില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.