കാട്ടാത്തിപ്പാറ കോളനിക്കാര്‍ക്ക് വെള്ളവും വെളിച്ചവും ശൗചാലയവും വാഗ്ദാനം ചെയ്ത് കലക്ടര്‍

പത്തനംതിട്ട: ജനപ്രതിനിധികളും കലക്ടറും മറ്റു വകുപ്പ് ഉദ്യോഗസഥരും ഒന്നിച്ചപ്പോള്‍ കാട്ടാത്തിപ്പാറ കോളനിവാസികള്‍ക്ക് ആശ്വാസമായി. വെള്ളം, വെളിച്ചം, ശൗചാലയം അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍, റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് താല്‍ക്കാലിക റേഷന്‍കാര്‍ഡ് കൂടാതെ കുരങ്ങിന്‍െറയും ശീട്ടുകളിക്കാരുടെയും ശല്യം ഒഴിവാക്കാനും ഒറ്റദിവസം കൊണ്ട് നടപടിയായി.രാവിലെ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം കോളനിയിലത്തെിയ കലക്ടര്‍ എസ്. ഹരികിഷോര്‍ കുടിലുകളിലത്തെി പരിമിതികളും പരാതികളും മനസ്സിലാക്കി. തുടര്‍ന്ന് കോളനിയിലെ വനസംരക്ഷണ സമിതി കെട്ടിടത്തില്‍ പ്രത്യേക അദാലത്തും നടത്തി. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുനില്‍ വര്‍ഗീസ് ആന്‍റണി അധ്യക്ഷത വഹിച്ചു. 15ന് ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കോളനിവാസികളുടെ പ്രശ്നങ്ങളും ഗ്രാമപഞ്ചായത്തില്‍നിന്ന് നല്‍കാവുന്ന സേവനങ്ങളും അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്ന് കലക്ടര്‍ കോളനി മൂപ്പനായ നാണുവിനോടും മറ്റും ആവശ്യങ്ങള്‍ ആരാഞ്ഞു. റോഡ് ശോച്യാവസ്ഥ, കുടിവെള്ള ക്ഷാമം, ചില വീടുകളിലെ ശൗചാലയത്തിന്‍െറ അഭാവവും വൈദ്യുതി കിട്ടാത്തതും മൂപ്പന്‍ അവതരിപ്പിച്ചു. രേഖകള്‍ പരിശോധിച്ച് കാര്‍ഡില്ലാത്ത ഏഴു പേര്‍ക്ക് താല്‍ക്കാലിക കാര്‍ഡ് നല്‍കുമെന്ന് താലൂക്ക് സപൈ്ള ഓഫിസര്‍ മോഹന്‍കുമാര്‍ കലക്ടറെ അറിയിച്ചു. വകയാര്‍ അസി. സെക്ഷന്‍ എന്‍ജിനീയറെ ഫോണില്‍ ബന്ധപ്പെട്ട് വൈദ്യുതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. അടുത്ത ദിവസം തന്നെ സൗജന്യമായി കണക്ഷന്‍ നല്‍കുമെന്ന് അസി. എന്‍ജിനീയര്‍ കലക്ടറെ അറിയിച്ചു. വയറിങ് സംബന്ധിച്ച ചെലവുകള്‍ സ്പോണ്‍സറെക്കൊണ്ട് ചെയ്യിക്കുമെന്ന് വിത്സണ്‍ ചന്ദനപ്പള്ളി കലക്ടറെ അറിയിച്ചു. ഇതോടെ ഒമ്പതു വീടുകളിലെ വൈദ്യുതി പ്രശ്നങ്ങള്‍ക്ക് പരിഹാരമായി. ശുചിത്വമിഷന്‍ നേതൃത്വത്തില്‍ ഏഴു കുടുംബത്തിന് ശൗചാലയം നല്‍കുമെന്ന് മിഷന്‍െറ പ്രതിനിധി പ്രസാദും അറിയിച്ചു. കുടിവെള്ളം ലഭ്യമാക്കുന്നതിന് കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന്‍െറ സാധ്യതകള്‍ പരിശോധിക്കാന്‍ ഭൂഗര്‍ഭ ജലവകുപ്പ് അസി. എന്‍ജിനീയര്‍ സനല്‍ ചന്ദ്രന് കലക്ടര്‍ നിര്‍ദേശം നല്‍കി. വനം വകുപ്പിന്‍െറ സഹകരണത്തോടെ ഇതിനായി ഉടന്‍ എസ്റ്റിമേറ്റ് തയാറാക്കും. കോളനിക്ക് ഒന്നര കി.മീ. ദൂരെയുള്ള ജലാശയത്തില്‍നിന്ന് കുടിവെള്ളമത്തെിക്കുന്നതിന് ജലം, വനം വകുപ്പുകള്‍ സംയുക്തമായി പദ്ധതി തയാറാക്കുന്നതിനും കലക്ടര്‍ നിര്‍ദേശം നല്‍കി. മരത്തില്‍നിന്ന് വീണതിനാല്‍ തൊഴിലെടുക്കാനാകാത്തയാള്‍ക്ക് ചികിത്സാ സഹായവും പെന്‍ഷനും നല്‍കാനും മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ രണ്ടു കുട്ടികള്‍ക്ക് സ്നേഹപൂര്‍വം പദ്ധതിയില്‍ ധനസഹായവും വിദ്യാഭ്യാസ സാധ്യതയും ഉറപ്പാക്കാനും വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കാനും സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. നിരക്ഷരരായ കോളനിവാസികള്‍ക്ക് സാക്ഷരതാ മിഷന്‍ പഠന സൗകര്യമൊരുക്കുമെന്ന് കോഓഡിനേറ്റര്‍ ടോജോ ജേക്കബ് അറിയിച്ചു. കോളനിയില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പ് കൂടാതെ പ്രത്യേക ക്യാമ്പ് നടത്തുമെന്ന് ഡി.എം.ഒ ഡോ. ഗ്രേസി ഇത്താക്ക് അറിയിച്ചു. കോളനിക്കാര്‍ക്ക്15 വീടുകള്‍ അനുവദിച്ചതില്‍ അഞ്ചെണ്ണം പൂര്‍ത്തിയായി. കോളനിവാസിയായ സരസമ്മയുടെ മകള്‍ക്ക് ഐ.എ.എസിന് പരിശീലനത്തിനായി സര്‍ക്കാര്‍ 76,000 രൂപ അനുവദിച്ചതായും ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍ എ. റഹീം അറിയിച്ചു. കോളനിയിലേക്കുള്ള റോഡ് നവീകരിക്കാന്‍ വയലാര്‍ രവി എം.പിയുടെ എം.പി ഫണ്ടില്‍നിന്ന് 30 ലക്ഷം വിനിയോഗിച്ച് നബാര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തി റോഡു പണി ഉടന്‍ ആരംഭിക്കുമെന്നും യോഗത്തില്‍ അറിയിപ്പുണ്ടായി.അസി. കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ സ്വാമിനാഥ്, കുടുംബശ്രീ കോഓഡിനേറ്റര്‍ പി.എന്‍. സുരേഷ്, അസി. ട്രൈബല്‍ ഓഫിസര്‍ രാജീവ്, ഗ്രാമപഞ്ചായത്ത് അംഗം സൂസമ്മ ജേക്കബ്, കോന്നി എസ്.ഐ വിനോദ്കുമാര്‍, റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സുകു, കുടുംബശ്രീ പ്രവര്‍ത്തകര്‍, വനപാലകര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.