അങ്കണവാടി ജീവനക്കാര്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

പത്തനംതിട്ട: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അങ്കണവാടി ജീവനക്കാര്‍ അങ്കണവാടികള്‍ അടച്ചിട്ട് പത്തനംതിട്ട മിനിസിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ആയിരക്കണക്കിന് പേര്‍ സമരത്തില്‍ പങ്കെടുത്തു. അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. അങ്കണവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, വര്‍ധിപ്പിച്ച ഓണറേറിയം സര്‍ക്കാര്‍ ഉടന്‍ അനുവദിക്കുക, പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക, പ്രമോഷന്‍, സ്ഥിരനിയമനം, സ്ഥലംമാറ്റം തുടങ്ങിയവക്കുള്ള ഉത്തരവുകള്‍ പുന$സ്ഥാപിക്കുക, ക്ഷേമനിധി പദ്ധതി അംഗീകരിക്കുക, ക്ഷേമനിധിയുടെ സര്‍ക്കാര്‍ വിഹിതം നാലുകോടി കുടിശ്ശിക ഉടന്‍ അനുവദിക്കുക, ഒന്നാം ക്ളാസിലേക്കുള്ള വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. സമരം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ജെ. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ജില്ലാ വൈസ് പ്രസിഡന്‍റ് സതിയമ്മ അധ്യക്ഷതവഹിച്ചു. സി.ഐ.ടി.യു ജില്ലാ ജോയന്‍റ് സെക്രട്ടറി എസ്. ഹരിദാസ്, ലതാകുമാരി, സതി വിജയന്‍, ശാരദ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി തങ്കമണി തങ്കപ്പന്‍ സ്വാഗതം പറഞ്ഞു. ജനുവരി 20ന് പ്രക്ഷോഭ പരിപാടികള്‍ നടത്താനിരുന്നെങ്കിലും മുഖ്യമന്ത്രി സി.ഐ.ടി.യു നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ജനുവരി 31നകം ഉത്തരവ് ഉണ്ടാകുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, നല്‍കിയ വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്നാണ് അങ്കണവാടി ജീവനക്കാര്‍ സമര രംഗത്തത്തെിയത്. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് ആരംഭിച്ച് ടി.ബി ജങ്ഷന്‍, ജനറല്‍ ആശുപത്രി വഴി ടൗണിലത്തെിയാണ് മിനിസിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.