കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ മാലിന്യം കാരക്കല്‍ തോട്ടില്‍

തിരുവല്ല: കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ മാലിന്യം കാരക്കല്‍ തോട്ടിലേക്ക് ഒഴുക്കുന്നതില്‍ പ്രതിഷേധം വ്യാപകം. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തോട് വൃത്തിയാക്കാനത്തെിയ സ്ത്രീ തൊഴിലാളികള്‍ വെള്ളത്തില്‍നിന്നുയരുന്ന അസഹ്യമായ ദുര്‍ഗന്ധംമൂലം പണി പാതിവഴിയില്‍ ഉപേക്ഷിച്ചു. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്‍െറ ഉടമസ്ഥതയിലുള്ളതാണ് ഫാമം. തോട്ടിലേക്ക് മാലിന്യം ഒഴുക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും ആരോഗ്യവകുപ്പിന്‍െറയും പഞ്ചായത്ത് അധികൃതരുടെയും മൗനാനുവാദം ഇയാള്‍ക്ക് ലഭിക്കുന്നുണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം. കാരക്കല്‍-കൂരച്ചാല്‍ റോഡില്‍ മട്ടക്കല്‍പടിക്ക് സമീപമുള്ള കാരക്കല്‍ തോടിന്‍െറ ഭാഗങ്ങളിലാണ് ചാണകവും മൂത്രവും അടങ്ങുന്ന മാലിന്യം വാച്ചാലിലൂടെ ഒഴുക്കുന്നത്. ഇരുപതോളം പശുക്കളാണ് ഫാമിലുള്ളത്. വാച്ചാല്‍ കൂടാതെ മാലിന്യം തള്ളുന്നതിനായി തോട്ടിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരത്തിന്‍െറ മറപറ്റി രണ്ടു കുഴല്‍ സ്ഥാപിച്ചിട്ടുള്ളതായും തൊഴിലുറപ്പ് തൊഴിലാളികള്‍ പറയുന്നു. മട്ടക്കല്‍പടി മുതല്‍ കാളക്കടവ് വരെയുള്ള തോടിന്‍െറ അരക്കിലോമീറ്ററോളം ഭാഗത്ത് മാലിന്യം വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുകയാണ്. തോട്ടില്‍നിന്നുയരുന്ന ദുര്‍ഗന്ധം സമീപവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഗാര്‍ഹിക-കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന തോട്ടിലെ വെള്ളം മാലിന്യം തള്ളല്‍മൂലം ഉപയോഗ ശൂന്യമായി. സമീപ കിണറുകളിലെ ജലമലിനീകരണത്തിനും ഇത് കാരണമാകുന്നു. തോട്ടില്‍ മാലിന്യം കെട്ടിക്കിടക്കുന്നത് കൊതുകുകള്‍ പെരുകാനും ഇടയാക്കുന്നുണ്ട്. മാലിന്യം തള്ളുന്നത് സംബന്ധിച്ച് പരിസരവാസികള്‍ അടക്കം നിരവധിപേര്‍ പലതവണ അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് പരാതി നല്‍കിയതിനത്തെുടര്‍ന്ന് സ്ഥലത്തത്തെിയ ഗ്രാമപഞ്ചായത്ത് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഫാമിനോട് അനുബന്ധമായി മാലിന്യശേഖരണ സംഭരണി നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഈ നിര്‍ദേശവും കാറ്റില്‍ പറത്തിയാണ് ഇപ്പോഴും മാലിന്യം തള്ളുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.