അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പന്തളത്ത് തുടങ്ങിയില്ല

പന്തളം: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനം പന്തളത്ത് തുടങ്ങാനായില്ല. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നുമാസം മാത്രം ബാക്കിനില്‍ക്കെ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കാന്‍ ഫണ്ടില്ളെന്ന മറുപടിയാണ് അധികൃതര്‍ നല്‍കുന്നത്. പന്തളം നഗരസഭയിലെ 33 വാര്‍ഡുകളിലായി രണ്ടായിരത്തോളം വരുന്ന തൊഴിലാളികളാണ് ഒരുവര്‍ഷത്തിലധികമായി തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നത്. പന്തളം നഗരസഭയായതോടെ കഴിഞ്ഞ നവംബറില്‍ തൊഴില്‍ നിര്‍ത്തിച്ച തൊഴിലാളികളില്‍ ഭൂരിപക്ഷവും മറ്റ് തൊഴിലുകള്‍ ചെയ്യാന്‍ കഴിയാത്തവരാണ്. പഞ്ചായത്തായിരുന്ന അവസരത്തില്‍ മിക്ക വാര്‍ഡുകളിലും 100 തൊഴില്‍ ദിനങ്ങള്‍ ലഭിച്ചിരുന്നു. ഈ സ്ഥാനത്താണ് ഒരുദിവസത്തെ തൊഴില്‍പോലും ലഭിക്കാതെ തൊഴിലാളികള്‍ ബുദ്ധിമുട്ടുന്നത്. നഗരസഭയായ ഉടന്‍ പദ്ധതി ആരംഭിക്കാന്‍ കഴിയുന്ന തരത്തിലാണ് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാന്‍ നടപടി തുടങ്ങിയത്. ഏപ്രില്‍ മുതല്‍ പദ്ധതി ആരംഭിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് പുതിയ നഗരസഭ ഭരണസമിതി ഭരണനേതൃത്വം ഏറ്റെടുത്ത ദിവസം ഉണ്ടായ തൊഴിലാളി പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചത്. ഒരുവര്‍ഷം പിന്നിട്ടിട്ടും പദ്ധതി ആരംഭിക്കാന്‍ പണം കണ്ടത്തൊന്‍ ഭരണനേതൃത്വത്തിന് ആകാത്തതിനെതിരെ തൊഴിലാളികള്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്. പദ്ധതി ആരംഭിക്കാന്‍ ഒരു അസി. എന്‍ജിനീയറെയും ഡേറ്റാ എന്‍ഡ്രി ഓപറേറ്ററെയും നഗരസഭ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിച്ചു. ഇവര്‍ക്ക് നഗരസഭയുടെ തനത് ഫണ്ടില്‍നിന്നാണ് ശമ്പളം നല്‍കുന്നത്. ഇത് ഓഡിറ്റില്‍ ഒബ്ജക്ഷന്‍ വരുമോ എന്ന ഭയത്തിലാണ് അധികൃതര്‍. മൂന്നുകോടിയുടെ മാസ്റ്റര്‍ പ്ളാനാണ് സര്‍ക്കാറിലേക്ക് തയാറാക്കി നല്‍കിയത്. ഡി.പി.സിയുടെ അനുമതി തേടി പദ്ധതി സര്‍ക്കാറിലേക്ക് സമര്‍പ്പിക്കാന്‍ വൈകിയതാണ് പദ്ധതി ആരംഭിക്കാന്‍ വൈകാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. നഗരസഭയായതോടെ പഴയ തൊഴില്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കേണ്ടിവന്നു. രണ്ടായിരത്തോളം വരുന്ന തൊഴിലാളികളില്‍നിന്ന് പുതുതായി അപേക്ഷ സ്വീകരിച്ച് കാര്‍ഡ് നല്‍കുന്ന പ്രവര്‍ത്തനവും പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാറാണ് പദ്ധതി വിഹിതം നല്‍കിയിരുന്നതെങ്കില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാറാണ് പണം നല്‍കേണ്ടത്. പുതുതായി ആരംഭിച്ച നഗരസഭകളില്‍ ചുരുക്കം ചിലയിടത്ത് മാത്രമേ അയ്യങ്കാളി പദ്ധതി ആരംഭിച്ചിട്ടുള്ളൂ എന്നാണ് വിവരം. പദവി ഉയര്‍ന്നുവെന്ന് അഭിമാനിക്കുമ്പോഴും രണ്ടായിരത്തോളം വരുന്ന തൊഴിലാളികളുടെ അന്നംമുട്ടിയ നിലയിലാണ് പന്തളം നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.