പത്തനംതിട്ട സംസ്ഥാനത്തെ ആദ്യ കറന്‍സിരഹിത കലക്ടറേറ്റ്

പത്തനംതിട്ട: പത്തനംതിട്ട കലക്ടറേറ്റില്‍ ഇനി പണവുമായി വരേണ്ട, സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കടക്കം ഇനി കറന്‍സി വേണ്ട. ജില്ല ഭരണകൂടവും ഐ.ടി മിഷന്‍െറ ഭാഗമായ അക്ഷയയും സംയുക്തമായാണ് കലക്ടറേറ്റ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി കറന്‍സിരഹിതമാക്കിയത്. ഒരു സ്ഥലത്തെ 10 വ്യാപാരികളും 40 ഉപയോക്താക്കളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിയാല്‍ അവിടം കാഷ്ലെസ് ആയി പ്രഖ്യാപിക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. കലക്ടറേറ്റിലെ അമ്പതിലധികം ജീവനക്കാരാണ് രണ്ടുദിവസത്തെ പരിശീലനത്തിനുശേഷം കറന്‍സിരഹിത സംവിധാനം പ്രയോജനപ്പെടുത്തുന്നതിലേക്ക് മാറിയത്. സ്റ്റേറ്റ് ബാങ്ക് ബഡി എന്ന ഇ-വാലറ്റ് ഡൗണ്‍ലോഡ് ചെയ്ത് കലക്ടര്‍ ആര്‍. ഗിരിജയും ഇതിന്‍െറ ഭാഗമായി. തുടര്‍ന്ന് കറന്‍സി രഹിത കലക്ടറേറ്റ് പ്രഖ്യാപനവും അവര്‍ നിര്‍വഹിച്ചു. ജില്ല ലീഡ് ബാങ്കിന്‍െറ സഹകരണവും പരിപാടിക്ക് ലഭിച്ചു. വെള്ളിയാഴ്ച കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജീവനക്കാര്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഇ-വാലറ്റ് ഡൗണ്‍ലോഡ് ചെയ്തു. പരസ്പരം പണമയച്ച് കറന്‍സിരഹിത സംവിധാനത്തിന് തുടക്കവും കുറിച്ചു. ടൗണിലുള്ള വ്യാപാരികളും പങ്കാളികളായി. എല്ലാവര്‍ക്കും ഒരുമിച്ച് ഇ-വാലറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈഫൈ സംവിധാനവും ഒരുക്കിയിരുന്നു. അക്ഷയ സംരംഭകരായ ടി.ഡി. വിജയന്‍ നായരും ടി.എ. ഷാജഹാനും ഇ-വാലറ്റ് സ്മാര്‍ട്ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ജീവനക്കാര്‍ക്ക് വേണ്ട സഹായം നല്‍കി. എ.ഡി.എം അനു എസ്.നായര്‍, ജില്ല പ്ളാനിങ് ഓഫിസര്‍ പി.വി. കമലാസനന്‍ നായര്‍, ലീഡ് ബാങ്ക് മാനേജര്‍ വി. വിജയകുമാര്‍, ജില്ല ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ ജിജി ജോര്‍ജ്, ഇ-ഗവേണന്‍സ് മാനേജര്‍ കെ. ധനേഷ്, ജിനോ, വ്യാപാരി പ്രതിനിധികളായ എന്‍.എം. ഷാജഹാന്‍, രാജ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.