പന്തളം: പന്തളം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് സന്ധ്യകഴിഞ്ഞാൽ സാമൂഹികവിരുദ്ധരുടെ താവളമാകുന്നു. സ്ത്രീകൾക്കുനേരെയും അതിക്രമങ്ങൾ നടക്കുന്നു. പൊലീസിെൻറയോ കെ.എസ്.ആർ.ടി.സി അധികൃതരുടെയോ ശ്രദ്ധയില്ലെന്ന പരാതി വ്യാപകമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും സ്വൈര്യമായി സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കാൻ കഴിയുന്നില്ലെന്നതാണ് പരാതി. സന്ധ്യയായാൽ ബസ്സ്റ്റാൻഡ് പരിസരം വിജനമാണ്. തൊട്ടടുത്ത ബിവറേജ് ഷോപ്പിൽനിന്ന് മദ്യംവാങ്ങി സ്റ്റാൻഡിലെ വിജനമായ പ്രദേശങ്ങളിലിരുന്ന് സംഘം ചേർന്ന് മദ്യപിക്കുകയാണ് പതിവ്. മദ്യലഹരിയിലാകുന്ന ഇക്കൂട്ടർ സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്ന സ്ത്രീകൾക്കുനേരെയും തിരിയുന്നു. കഴിഞ്ഞദിവസം രാത്രി ഏഴിന് ജോലികഴിഞ്ഞ് വീട്ടിൽപോകാനായി ബസ്സ്റ്റാൻഡിൽ എത്തിയ യുവതിക്ക് ഇത്തരത്തിൽ ദുരനുഭവം ഉണ്ടായി. ബസ് കാത്ത് 20 മിനിറ്റോളം അവിടെ നിൽക്കേണ്ടിവന്ന അവർക്ക് സാമൂഹികവിരുദ്ധരുടെ അസഹ്യമായ നോട്ടവും കമൻറടിയും ഏറെ സഹിക്കേണ്ടിവന്നു. മിക്ക ദിവസങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. സർവിസ് കഴിഞ്ഞ് സ്റ്റാൻഡിൽ കിടക്കുന്ന ബസുകളും മദ്യപന്മാരുടെ താവളമാണ്. ശ്രദ്ധയിൽപ്പെട്ടാലും കെ.എസ്.ആർ.ടി.സിയിലെ രാത്രികാല ഡ്യൂട്ടിക്കാർ കണ്ണടക്കുന്നതായി പരാതിയുണ്ട്. സന്ധ്യകഴിഞ്ഞാൽ കെ.എസ്.ആർ.ടി.സി പരിസരത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്തതും ഇക്കൂട്ടർക്ക് അനുഗ്രഹമാണ്. കാടുമൂടിക്കിടക്കുന്ന കെ.എസ്.ആർ.ടി.സി പരിസരത്തേക്ക് പൊലീസും എക്സൈസും ശ്രദ്ധിക്കാറില്ല. സന്ധ്യകഴിഞ്ഞാൽ ദീർഘദൂര സർവിസുകൾ പലതും സ്റ്റാൻഡിൽ എത്താറില്ല. ഇതറിയാതെ പലപ്പോഴും സ്റ്റാൻഡിൽ കാത്തുനിൽക്കുന്നവരാണ് അതിക്രമത്തിന് ഇരയാകുന്നവരേറെയും. പലരും ഇവരെ ഭയന്ന് പരാതിപോലും പറയാൻ തയാറാകുന്നില്ല. തീർഥാടനകാലമായതോടെ സന്ധ്യകഴിഞ്ഞ് എത്തുന്ന അയ്യപ്പന്മാരും സാമൂഹികവിരുദ്ധരുടെ വിളയാട്ടത്തിന് ഇരയാകാറുണ്ട്. പരസ്യമായി അസഭ്യവാക്കുകൾ പരസ്പരം ഉപയോഗിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. പൊലീസിെൻറ അടിയന്തര ശ്രദ്ധ കെ.എസ്.ആർ.ടി.സി പരിസരത്ത് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.