അടൂർ: രണ്ടു പതിറ്റാണ്ടിലേറെയായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഏനാദിമംഗലം സബ്രജിസ്ട്രാർ ഓഫിസിനു സ്വന്തം കെട്ടിടം പണിയാൻ ജനകീയ സമിതി സ്ഥലം വാങ്ങി നൽകും. വില്ലേജ് ഓഫിസിനു സമീപം കെട്ടിടം പണിയുന്നതിന് അനുയോജ്യമായ ആറ് സെൻറ് സ്ഥലം കണ്ടെത്തി. ഇതിന് ഉടമ ആവശ്യപ്പെട്ട വില ജനകീയ സമിതി നൽകും. കായംകുളം–പത്തനാപുരം സംസ്ഥാന പാതയരികിൽ ഇളമണ്ണൂർ എൽ.പി.എസ് കവലക്കു പടിഞ്ഞാറ് ജീർണിച്ച് ഏതുനിമിഷവും തകർന്നു വീഴാവുന്ന നിലയിലുള്ള വീട്ടിലാണ് സബ് രജിസ്ട്രാർ ഓഫിസ് പ്രവർത്തിക്കുന്നത്. ഈ കെട്ടിടം ഒഴിയണമെന്ന് ഉടമ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് അഞ്ചു വർഷത്തിലേറെയായി. കലഞ്ഞൂർ, ഏനാദിമംഗലം ഗ്രാമപഞ്ചായത്തുകളിലെ ആധാരം ഇവിടെയാണ് രജിസ്റ്റർ ചെയ്യുന്നത്. സ്ഥാപനത്തിനു സ്വന്തം കെട്ടിടം പണിയുന്നതിന് അനുയോജ്യമായ സർക്കാർ സ്ഥലം കണ്ടെത്തി നൽകണമെന്ന് ഗ്രാമപഞ്ചായത്തിനോടും റവന്യൂ വകുപ്പിനോടും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ മരുതിമൂട് കവലക്കു പടിഞ്ഞാറ് എസ്.ബി.ടി ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിെൻറ മുകൾനിലയിലേക്ക് ഓഫിസ് മാറ്റാൻ നീക്കം നടത്തിയെങ്കിലും ഗ്രാമഭരണകേന്ദ്രത്തിനു സമീപം തന്നെ സ്ഥലവും കെട്ടിടവും കണ്ടെത്തണമെന്ന നിർദേശം വന്നതോടെ ഇത് ഉപേക്ഷിക്കുകയായിരുന്നു. അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ഗ്രാമപഞ്ചായത്തിനും റവന്യൂ വകുപ്പിനും സാധിക്കാതെ വന്നതോടെയാണ് ജനകീയസമിതി രൂപവത്കരിച്ചത്. സബ്രജിസ്ട്രാർ ഓഫിസ് പഞ്ചായത്തിൽ തന്നെ നിലനിർത്തണമെന്ന പ്രദേശവാസികളുടെ ആവശ്യം നടപ്പാക്കുകയാണ് ജനകീയ സമിതിയുടെ ലക്ഷ്യം. യോഗം ജില്ല പഞ്ചായത്ത് അംഗം ആർ.ബി. രാജീവ്കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രീത രമേശ് അധ്യക്ഷതവഹിച്ചു. കെ.ആർ. രാധാകൃഷ്ണൻ നായർ, രാജഗോപാലൻ നായർ, സജി മാരൂർ, എൻ.കെ. സതികുമാർ, അശോക് കുമാർ, ബിജു, തുളസീദാസ്, വേണുഗോപാലൻ നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.