പ്രാദേശിക വിഷയങ്ങളില്‍ പാര്‍ട്ടി ഘടകങ്ങള്‍ സമരം നടത്തും – ബാബു ജോര്‍ജ്

പത്തനംതിട്ട: പ്രാദേശിക വിഷയങ്ങളില്‍ സമരം ഏറ്റെടുത്തു നടത്തുന്ന യൂനിറ്റുകളാക്കി പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളെയും മാറ്റുമെന്ന് നിയുക്ത ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട പ്രസ്ക്ളബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്‍െറ നഷ്ടപ്പെട്ട നാലു സീറ്റുകള്‍ തിരിച്ചു പിടിക്കാനായി പാര്‍ട്ടിയെ ശക്തിപ്പത്തെും. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പോടെ ഇതു വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് അടിത്തറയുള്ള ജില്ലയാണ് പത്തനംതിട്ട. യു.ഡി.എഫ് ഘടകകക്ഷികളെ മുഖവിലയ്ക്കെടുക്കും. പാര്‍ട്ടി പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ പരിഹരിക്കും. പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കും. ജില്ലയിലെ 1000 ബൂത്തു കമ്മിറ്റികള്‍ ഉടന്‍ ചേരും. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളെയും ചിട്ടയായി പ്രവര്‍ത്തിക്കുന്ന ഘടകങ്ങളാക്കുകയാണ് ലക്ഷ്യം. നിര്‍ജീവമായ മണ്ഡലം, ബ്ളോക്ക് കമ്മിറ്റികള്‍ കെ.പി.സി.സിയുമായി ആലോചിച്ച് അടിയന്തരമായ പുന$സംഘടിപ്പിക്കും. എല്ലാ പാര്‍ട്ടി ഭാരവാഹികളും പാര്‍ട്ടി യോഗങ്ങളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന നിര്‍ദേശം നല്‍കും. തുടര്‍ച്ചയായി മൂന്ന് യോഗങ്ങളില്‍ പങ്കെടുക്കാത്ത നേതാക്കള്‍ക്ക് ഡി.സി.സി കത്തുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ നേതാക്കള്‍ താഴത്തേട്ടിലേക്ക് കടന്നുചെല്ലണമെന്ന നിര്‍ദേശം നല്‍കും. ഇടതു സര്‍ക്കാറിന്‍െറയും കേന്ദ്ര സര്‍ക്കാറിന്‍െറയും ജനവിരുദ്ധമായ നയങ്ങള്‍ക്കെതിരെ ശക്തമായ സമരം നടത്തും. ജില്ലയില്‍ ഇടതു സര്‍ക്കാറിന് ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. കപടവാഗ്ദാനം നല്‍കി ജനത്തെ പറ്റിക്കുകയാണ്. കേന്ദ്രനയങ്ങള്‍ക്കെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സമരങ്ങളില്‍ ഏര്‍പ്പെടുന്നതോടെ അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാവരും മറക്കും. ആര്‍ക്കും സമരങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചചെയ്യാനല്ല, പരിപാടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം. കൂട്ടായ ചര്‍ച്ചകള്‍ നടത്തും. ദീര്‍ഘമായ കമ്മിറ്റികള്‍ ചേരും. ഡി.സി.സി നേതൃയോഗം ചേര്‍ന്ന് ത്രിതല പഞ്ചായത്തുകളെ എങ്ങനെ നിയന്ത്രിക്കണം എന്നതുസംബന്ധിച്ച് തീരുമാനമെടുക്കും. ത്രിതല പഞ്ചായത്ത് വികസനത്തിലും ഫണ്ട് എത്തിക്കാനുള്ള കാര്യങ്ങളിലും വിട്ടുവീഴ്ചയില്ല. ഇവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ കമ്മിറ്റിയെ നിയമിക്കും. എല്ലാ മാസവും യോഗം ചേരും. നിര്‍മാണ ജോലികള്‍ മോണിറ്റര്‍ ചെയ്യും. തദ്ദേശസ്ഥാപനങ്ങളിലെ അധികാര മാറ്റം സംബന്ധിച്ച് ഘടകകക്ഷികളുമായി ധാരണകള്‍ തെറ്റിക്കില്ല. ചിട്ടയായി പാലിക്കുകയും ചെയ്യും. തിങ്കളാഴ്ച ഡി.സി.സി പ്രഡിഡന്‍റായി ചാര്‍ജെടുക്കുമെന്നും ബാബു ജോര്‍ജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.