കശുവണ്ടി മേഖലയില്‍ പുതിയ പ്രതിസന്ധി

പന്തളം: കശുവണ്ടി മേഖല പുതിയ പ്രതിസന്ധിയിലേക്ക്. ആറാഴ്ചയായി ശമ്പളം മുടങ്ങിയ തൊഴിലാളികള്‍ സ്വയംപ്രതിരോധവുമായി രംഗത്തു വന്നതോടെ സംസ്ഥാന ധനമന്ത്രി ഇടപെട്ട് ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയാണ് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. കടമ്പനാട് പറമലയിലെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളാണ് യൂനിയനുകളെ ബഹിഷ്കരിച്ച് മൂന്നാര്‍ മോഡല്‍ സമരവുമായി രംഗത്തുവന്നത്. സമരം പുതിയ വഴിത്തിരിവാകുന്ന സാഹചര്യം വന്നതോടെയാണ് ധനമന്ത്രി തോമസ് ഐസക് തന്നെ ഫാക്ടറിയിലത്തെി മാനേജ്മെന്‍റുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ടാക്കിയത്. തൊഴിലാളികളുടെ വേതനം ചെക്കായി ജില്ല ലേബര്‍ ഓഫിസര്‍ക്ക് നല്‍കി അവിടെ നിന്ന് കലക്ടറുടെ അക്കൗണ്ടിലേക്ക് പണം മാറ്റി ട്രഷറി വഴി വിതരണം ചെയ്യാനാണ് ധാരണയായത്. ഈ തീരുമാനം പല മാനേജ്മെന്‍റുകളും അംഗീകരിക്കാന്‍ തയാറല്ളെന്നാണ് വിവരം. പന്തളം, അടൂര്‍ മേഖലയിലെ കശുവണ്ടി ഫാക്ടറികളില്‍ പലതും ഈ ആഴ്ച തന്നെ പണി നിര്‍ത്തിവെക്കാന്‍ ധാരണയായതായാണ് വിവരം. കശുവണ്ടി ലഭ്യമല്ളെന്ന കാരണം പറഞ്ഞാണ് മിക്ക ഫാക്ടറികളും അടക്കുന്നത്. നോട്ട് പ്രതിസന്ധി മാറിയ ശേഷം ഫാക്ടറി തുറന്നാല്‍ മതിയെന്ന രഹസ്യധാരണയിലാണ് പല മാനേജ്മെന്‍റുകളും. കശുവണ്ടി മേഖലയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളില്‍ 50 ശതമാനം പേര്‍ക്കു മാത്രമാണ് ഇ.എസ്.ഐ, പി.എഫ് എന്നിവ നിലവിലുള്ളത്. മറ്റുള്ള തൊഴിലാളികള്‍ ‘തുണ്ടില്‍’ ആണ് ജോലി ചെയ്യുന്നത്. ഇത് മാനേജ്മെന്‍റും യൂനിയനുകളുമായുള്ള രഹസ്യ ധാരണയിലാണ് നടക്കുന്നതെന്നാണ് വിവരം. ഇവര്‍ക്ക് നിയമാനുസൃതമായുള്ള യാതൊരുവിധ ആനുകൂല്യവും ലഭ്യമല്ല. ലേബര്‍ ഓഫിസര്‍ വഴി വേതനം ലഭ്യമാകുന്നതോടെ ഈ വിഭാഗം തൊഴിലാളികള്‍ക്കും വേതനം ഇങ്ങനെ നല്‍കേണ്ടതായി വരും. ഇത് കശുവണ്ടി വ്യവസായത്തിലെ മാനേജ്മെന്‍റുകള്‍ ഇതുവരെ നടത്തിവന്ന അനധികൃത ഇടപാട് പുറത്തുവരുന്നതിനു കാരണമാകും. ഇതോടെ ഈ വിഭാഗം തൊഴിലാളികള്‍ക്കും എല്ലാവിധ ആനുകൂല്യങ്ങളും നല്‍കേണ്ടതായി വരും. ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് മാനേജ്മെന്‍റുകള്‍ക്ക് ഉണ്ടാക്കുക. ഇത് തിരിച്ചറിഞ്ഞതാണ് മാനേജ്മെന്‍റുകള്‍ മന്ത്രിയുമായി ഒരു ഫാക്ടറിയില്‍ ഉണ്ടാക്കിയ വ്യവസ്ഥയെ എതിര്‍ക്കാന്‍ കാരണമെന്നറിയുന്നു. നോട്ട് പ്രതിസന്ധി നിലവില്‍ വന്നപ്പോള്‍ തന്നെ വേതനം ബാങ്ക് വഴി നല്‍കാന്‍ നീക്കം നടന്നതാണ്. തൊഴിലാളികളില്‍ ബഹുഭൂരിപക്ഷത്തിനും ബാങ്ക് അക്കൗണ്ടും നിലവിലുണ്ട്. എന്നാല്‍, വേതനം ബാങ്ക് വഴി മാനേജ്മെന്‍റുകള്‍ നല്‍കാതിരുന്നതിനും കാരണം ഇതു തന്നെ. ചില ഫാക്ടറികളില്‍ കാര്‍ഡുള്ള തൊഴിലാളികള്‍ക്ക് ബാങ്ക് വഴിയും തുണ്ടിലെ തൊഴിലാളികള്‍ക്ക് പണം നേരിട്ടും നല്‍കാന്‍ തയാറായിട്ടുണ്ട്. കശുവണ്ടി വ്യവസായ മേഖല വരും ദിവസങ്ങളില്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്‍െറ സൂചനകളാണ് കാണുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.