കോന്നി: പൊലീസ് ചമഞ്ഞും ഭീഷണിപ്പെടുത്തിയും പണം തട്ടിയെടുത്ത കേസിലെ പ്രതി പോത്തുപാറ കമ്പത്തുംപച്ച കാരമണ്ണിൽ വീട്ടിൽ രതീഷിനെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. നോട്ട് പിൻവലിക്കലിന് ശേഷമാണ് പലയിടങ്ങളിൽ തട്ടിപ്പ് നടത്തിയത്. നോട്ട് മാറുന്നതിന് ബാങ്കിൽ ക്യൂ നിൽക്കുന്നവരെ പുതിയ നോട്ട് തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണംവാങ്ങി കടന്നുകളയുകയാണ് ഒരു തട്ടിപ്പ് രീതി. എ.ടി.എമ്മിൽനിച്ച് പുതിയ നോട്ടുമായി ഇറങ്ങുന്നവർക്ക് ചില്ലറ നൽകാമെന്ന് പറഞ്ഞ് നോട്ടുവാങ്ങി മുങ്ങുക ഇയാളുടെ മറ്റൊരു രീതിയാണ്. കോന്നി, അടൂർ, ഏനാത്ത് എന്നിവിടങ്ങളിലാണ് തട്ടിപ്പ് നടത്തിയത്. മാവേലിക്കരയിൽനിന്ന് മോഷ്ടിച്ച ബൈക്കിലായിരുന്നു ഇയാളുടെ സഞ്ചാരം. ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം അപഹരിക്കലും ഇയാളുടെ പതിവാണ്. മാവേലിക്കര ജയിലിൽനിന്ന് 20 ദിവസം മുമ്പാണ് ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയത്. ആഡംബര ജീവിതാണ് ഇയാൾ നയിച്ചിരുന്നത്. കുപ്രസിദ്ധ കുറ്റവാളികളായ അസൻ സന്തോഷ്, സൈനുദ്ദീൻ എന്നിവരുടെ കൂട്ടാളിയാണ് ഇയാളെന്ന് കോന്നി പൊലീസ് അറിയിച്ചു. കഴിഞ്ഞ നവംബർ 11ന് അടൂർ എസ്.ബി.ഐയിൽ നോട്ട് മാറാൻ ക്യൂ നിന്ന മൂന്നുപേരിൽനിന്ന് 10,000 രൂപ ഇയാൾ തെറ്റിദ്ധരിപ്പിച്ച് തട്ടിയെടുത്തിരുന്നു. നവംബർ 21ന് കോന്നിയിൽ എ.ടി.എമ്മിൽനിന്ന് പണവുമായി പുറത്തിറങ്ങിയ വൃദ്ധനെ ചില്ലറ തരാമെന്ന് പറഞ്ഞ് 2000 രൂപ കൈക്കലാക്കി ഇയാൾ കടന്നുകളഞ്ഞു. കൊക്കാത്തോട് മുരുപ്പേൽ വീട്ടിൽ ഗോപാലൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതി സഞ്ചരിച്ചിരുന്ന ബൈക്കിെൻറ നമ്പർ പിന്തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കോന്നി സി.ഐ സി.ആർ. ജോസ്, എസ്.ഐ ബി. രാജഗോപാൽ, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീരാജ്, ഹരികൃഷ്ണൻ, ദിലീപ്, എ.എസ്.ഐ ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.