പി.ഐ.പി കനാലിന്‍െറ തകര്‍ച്ച : പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കാര്‍ഷികമേഖല തകരും

വടശ്ശേരിക്കര: പി.ഐ.പി കനാലിന്‍െറ തകര്‍ച്ചയോടെ രണ്ടു ജില്ലകള്‍ വേനല്‍ച്ചൂടില്‍ ഉരുകും. പമ്പാ ജലസേചന പദ്ധതിയുടെ മെയിന്‍ കനാലിന്‍െറ തകര്‍ച്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കാര്‍ഷിക മേഖലയെ തകര്‍ക്കും. നേരത്തേ ആരംഭിച്ച വേനലില്‍ കനാല്‍ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളും വറ്റിവരളും. കക്കാട്ടാറിലെ പെരുനാട് മണിയാറില്‍ ഡാമുകെട്ടി പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളിലും ആലപ്പുഴ, കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങലിലും വരെ വെള്ളമത്തെിച്ചിരുന്ന പ്രധാന പദ്ധതിയാണ് പമ്പാ ഇറിഗേഷന്‍ പ്രോജക്ട്. മണിയാര്‍ ഹെഡ് വര്‍ക്സില്‍ സ്ഥാപിച്ചിരിക്കുന്ന ഷട്ടറുകള്‍ വഴിയാണ് ഈ കനാലിലേക്ക് വെള്ളം തിരിച്ചുവിടുന്നത്. 1961ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ ജലസേചന പദ്ധതി പത്തനംതിട്ട ജില്ലവരെ വ്യാപിച്ചുകിടക്കുന്ന അപ്പര്‍ കുട്ടനാടിന്‍െറ കൃഷിയിടങ്ങളെ വരള്‍ച്ചാകാലത്ത് ജലസമൃദ്ധമാക്കുന്നു എന്നതിലുപരി ജില്ലയിലെ വടശ്ശേരിക്കര മുതല്‍ പടിഞ്ഞാറോട്ട് കനാലൊഴുകിയത്തെുന്ന ഭാഗങ്ങളിലെ ജനങ്ങളുടെ കുടിവെള്ള സ്രോതസ്സുകൂടിയാണ്. മണിയാറില്‍ നിന്നാരംഭിക്കുന്ന കനാലിന് ഏതാണ്ട് 70 കിലോമീറ്റര്‍ നീളമുണ്ട്. മണിയാറില്‍നിന്ന് 20 കിലോമീറ്റര്‍ പിന്നിട്ട് വാഴക്കുന്നത്തുവെച്ച് രണ്ടായി പിരിയുന്ന ഇടതു കനാലിന് 47.15 കിലോമീറ്റര്‍ നീളവും വലതു കനാലിന് 20.25 കിലോമീറ്റര്‍ നീളവുമുണ്ട്. ഇതില്‍ ഇടതുകനാല്‍ പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വെള്ളമത്തെിച്ച് കായംകുളം വഴി കൊല്ലം ജില്ലയുടെ ചില ഭാഗങ്ങളില്‍ കൂടിയും കടന്ന് കൃഷ്ണപുരത്ത് അവസാനിക്കുന്നു. വലതുകനാല്‍ കോഴഞ്ചേരി, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളില്‍ കൈവഴികളായി പിരിഞ്ഞ് ഒടുവില്‍ പരുമലക്ക് സമീപമുള്ള പാടശേഖരങ്ങലില്‍ അവസാനിക്കുന്നു. ആയിരക്കണക്കിനേക്കര്‍ കൃഷിയിടങ്ങളും അതിലധികം മനുഷ്യരും ആശ്രയിക്കുന്ന പമ്പാ ജലസേചനപദ്ധതിയുടെ കനാല്‍ തകര്‍ന്നതോടെ ഈ വരുന്ന വേനല്‍ക്കാലത്തിന്‍െറ പകുതിയോളം ഇതുവഴിയുള്ള നീരൊഴുക്ക് തടസ്സപ്പെടും. സ്വതവേ തകര്‍ച്ചയിലായ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കാര്‍ഷികമേഖല ജലസേചന പദ്ധതി കൂടി നിലക്കുന്നതോടെ പൂര്‍ണമായും തകരും. രണ്ടുജില്ലകളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വെള്ളം എത്തിക്കുന്നതും ഈ കനാലിന്‍െറ കൈവഴികളില്‍നിന്നാണ്. കനാലിന്‍െറ തകര്‍ച്ച മൂലമുണ്ടാകുന്ന ജലദൗര്‍ലഭ്യത ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.