പന്തളം ബസ്സ്റ്റാന്‍ഡില്‍ അയ്യപ്പന്മാരോട് അനധികൃത പിരിവ്

പന്തളം: പന്തളം നഗരസഭാ ബസ്സ്റ്റാന്‍ഡില്‍ അയ്യപ്പന്മാരോട് അനധികൃത പിരിവ്; ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ പിരിവ് ലേലത്തിനെടുത്ത കരാറുകാരന്‍ പന്തളം കടയ്ക്കാട് കുരുമ്പോലില്‍ വീട്ടില്‍ ശ്യാംകുമാര്‍ (42) ആണ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. നഗരസഭ ബസ്സ്റ്റാന്‍ഡില്‍ അയ്യപ്പന്മാരുടെ വാഹനം പാര്‍ക്കുചെയ്യുന്നതിന് സൗജന്യമായാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. ബസ്സ്റ്റാന്‍ഡിന് വടക്ക് ഭാഗത്തായി പ്രത്യേക സ്ഥലമൊരുക്കിയാണ് പാര്‍ക്കിങ് ഏര്‍പ്പെടുത്തിയത്. ഇവിടെയാണ് സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ പിരിവ് ലേലത്തിനെടുത്ത കരാറുകാരന്‍ അയ്യപ്പന്മാരില്‍നിന്ന് അനധികൃത പിരിവു നടത്തിയത്. ഇതു സംബന്ധിച്ച് നഗരസഭ സെക്രട്ടറി പൊലീസിനുനല്‍കിയ പരാതിയിലാണ് കരാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങളില്‍നിന്ന് 100 രൂപ മുതല്‍ 500 രൂപവരെ പാര്‍ക്കിങ് ഫീസ് ഈടാക്കിയതായാണ് വിവരം. ഇതു സംബന്ധിച്ച് നേരത്തേ തന്നെ പരാതി ഉയര്‍ന്നിരുന്നു. ബസ്സ്റ്റാന്‍ഡിലെ ബസുകളില്‍നിന്ന് പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിലും വ്യാപക പരാതിയുണ്ട്. ഒരുദിവസം 30 രൂപ മാത്രമാണ് ഈടാക്കാന്‍ വ്യവസ്ഥ. എന്നാല്‍, ഒരു സര്‍വിസില്‍നിന്ന് 30 രൂപ ഈടാക്കുന്നതായാണ് ആക്ഷേപം. ഡി.വൈ.എഫ്.ഐ നഗരസഭ സെക്രട്ടറിയെ ഈ വിഷയത്തില്‍ കഴിഞ്ഞദിവസം തടഞ്ഞുവെച്ചിരുന്നു. അനധികൃത പണപ്പിരിവ് നടത്തുന്ന കരാറുകാരനെതിരെ നടപടിവേണമെന്നാണ് ഉയരുന്ന ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.