ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ പമ്പയിലേക്ക് വരുന്നത് വിലക്കും

ശബരിമല: പമ്പയിലേക്ക് വരുന്നതിന് ഇരുചക്ര-മുച്ചക്രവാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നു. പമ്പയിലേക്കുള്ള പാതകള്‍ സുരക്ഷിതമാക്കി മാറ്റുന്നതിന്‍െറ ഭാഗമായാണ് മോട്ടോര്‍ വാഹനവകുപ്പിന്‍െറ തീരുമാനം. ആദ്യഘട്ടമായി ഇത്തരം വാഹനങ്ങള്‍ നിലക്കലില്‍ തടയും. പിന്നീട് ളാഹയില്‍ തടയാനും പദ്ധതിയുണ്ട്. ഇരുചക്ര-മുച്ചക്രവാഹനങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നു കണ്ടത്തെിയ സാഹചര്യത്തിലാണ് നടപടി. മണ്ഡലകാലയളവില്‍ മാത്രമാണ് ബാധകം. ട്രാന്‍സ്പോര്‍ട്ട് ഡെപ്യൂട്ടി കമീഷണറുടെയും കലക്ടറുടെയും അനുമതി ലഭിച്ചാലുടന്‍ നടപ്പാക്കും. മണ്ഡല-മകരവിളക്ക് കാലത്ത് ആയിരക്കണക്കിന് ഇരുചക്ര വാഹനങ്ങളാണ് പമ്പയിലേക്ക് ദിനംപ്രതി എത്തുന്നത്. രാത്രി എത്തുന്ന ഇവ പലപ്പോഴും വന്യമൃഗങ്ങളുടെ ആക്രമണത്തിനും ഇടയാക്കുന്നു. വെളിച്ചക്കുറവും മൂടല്‍മഞ്ഞും അപകട സാധ്യതയുമുണ്ടാക്കുന്നുണ്ട്. തിരക്ക് കൂടുതലുള്ള സമയങ്ങളില്‍ ഓട്ടോകള്‍ മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അലങ്കരിക്കാനായി കരിക്കും പൂമാലകളും കെട്ടിവെച്ചുവരുന്ന ഓട്ടോ മറിച്ചിട്ട് വന്യമൃഗങ്ങള്‍ ഇവ ഭക്ഷണമാക്കാറുമുണ്ട്. കഴിഞ്ഞദിവസം രാത്രി ദര്‍ശനം കഴിഞ്ഞു മടങ്ങിയ ആറ്റിങ്ങല്‍ സ്വദേശികള്‍ സഞ്ചരിച്ച ഓട്ടോ നിലക്കലിന് സമീപം കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടു നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരു തീര്‍ഥാടകന്‍ മരിച്ചിരുന്നു. ഓട്ടോകള്‍ക്ക് അതത് സ്റ്റാന്‍ഡില്‍ ഓടാനുള്ള പെര്‍മിറ്റു മാത്രമാണുള്ളത്. അതിനാല്‍ ഈ പാതകളില്‍ അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കില്ളെന്നും മോട്ടോര്‍വാഹന വകുപ്പ് പറയുന്നു. രണ്ടുവര്‍ഷം മുമ്പ് ബൈക്ക് യാത്രക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍നിന്നാണ് ഇരുചക്രവാഹനങ്ങളും മുച്ചക്രവാഹനങ്ങളും കൂടുതല്‍ എത്തുന്നത്. ഇവര്‍ക്കായി മോട്ടോര്‍വാഹന വകുപ്പ് ബോധവത്കരണം നടത്തും. അട്ടത്തോട് നിവാസികളുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.