ശബരിമലയെ ഹൈടെക് ആക്കാന്‍ 78 കോടിയുടെ പദ്ധതി

ശബരിമല: ശബരിമലയെ ഹൈടെക് ആക്കാനായി 78 കോടിയുടെ പദ്ധതി വരുന്നു. രൂപരേഖ ഉന്നതാധികാര സമിതിയുടെ പരിഗണനക്കായി ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ചു. മാസ്റ്റര്‍ പ്ളാന്‍ കമ്മിറ്റിയുടെ നിര്‍ദേശാനുസരണം ദേവസ്വം മരാമത്ത് വിഭാഗമാണ് രൂപരേഖ സമര്‍പ്പിച്ചത്. പ്ളാസ്റ്റിക് ശേഖരിച്ച് പമ്പയില്‍ എത്തിക്കുന്നതിനും സന്നിധാനത്ത് മാലിന്യ നിര്‍മാര്‍ജന പ്ളാന്‍റിനുമായി 10 കോടി വകയിരുത്തിയിട്ടുണ്ട്. സന്നിധാനത്തെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ രണ്ട് മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനും പൊലീസ് ബാരക്കിനു സമീപം ശൗചാലയ കോംപ്ളക്സ് നിര്‍മിക്കുന്നതിനും ഒമ്പതു കോടി വീതമുള്ള രൂപരേഖയാണ് സമര്‍പ്പിച്ചത്. ഭസ്മക്കുളം പുതുക്കിപ്പണിയാന്‍ എട്ട് കോടി, സന്നിധാനത്ത് ശര്‍ക്കര ഗോഡൗണിന് ആറു കോടി, സന്നിധാനത്തിനു ചുറ്റിനും റോഡ് നിര്‍മിക്കാന്‍ മൂന്ന് കോടി, സ്വാമി അയ്യപ്പന്‍ റോഡ് നവീകരിക്കുന്നതിനു അഞ്ച് കോടി, പാണ്ടിത്താവളത്ത് വിരിപ്പന്തല്‍ നിര്‍മിക്കാന്‍ ഒമ്പതു കോടി, പ്രസാദ വിതരണ കേന്ദ്രത്തിന് അഞ്ച് കോടി എന്നിങ്ങനെയാണ് കണക്കാക്കിയിരിക്കുന്നത്. സന്നിധാനത്തെ മലിനജലം ശുദ്ധീകരിച്ച് ടോയ്ലറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പദ്ധതിക്ക് രണ്ട് കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മലിനജലം ശുദ്ധീകരിച്ച് ടോയ്ലറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പദ്ധതിക്ക് രണ്ട് കോടി, ബെയ്ലി പാലത്തിനു സമീപം സ്ഥിരം തടയണ നിര്‍മിക്കുന്നതിനും ശുദ്ധീകരിച്ച വെള്ളം ടോയ്ലറ്റിലേക്ക് എത്തിക്കുന്ന പ്ളാന്‍റിനുമായി മൂന്ന് കോടി, ദിനംപ്രതി അഞ്ച് ടണ്‍ ഉല്‍പാദനശേഷിയുള്ള ബയോഗ്യാസ് പ്ളാന്‍റ് പദ്ധതിക്ക് മൂന്ന് കോടി, അരവണയും അപ്പവും പ്ളാന്‍റില്‍നിന്ന് വിതരണ കൗണ്ടറിലേക്ക് കൊണ്ടുപോകുന്നതിനായി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന 50 ബഗീസ് വാങ്ങുന്നതിന് 2.5 കോടി, ചന്ദ്രാനന്ദന്‍ റോഡിലും പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പന്‍ റോഡിലും എല്‍.ഇ.ഡി ലൈറ്റുകളും സ്റ്റൈയ്ന്‍ലസ് സ്റ്റീല്‍ ഇരിപ്പിടങ്ങളും നിര്‍മിക്കാന്‍ രണ്ടു കോടി, പാണ്ടിത്താവളത്ത് 50 ലക്ഷം ലിറ്റര്‍ വാട്ടര്‍ ടാങ്ക് നിര്‍മിക്കാന്‍ ആറു കോടി, സ്വാമിഅയ്യപ്പന്‍ റോഡില്‍ ബയോടോയ്ലറ്റുകള്‍ക്ക് 50 ലക്ഷം എന്നിങ്ങനെയുള്ള പദ്ധതികള്‍ക്കാണ് രൂപരേഖ സമര്‍പ്പിച്ചിട്ടുള്ളത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കി ശബരിമലയെ ഹൈടെക് ആക്കാനാണ് ദേവസ്വം ബോര്‍ഡിന്‍െറ ശ്രമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.