പത്തനംതിട്ട: സ്വത്ത് തട്ടിയെടുത്തശേഷം വൃദ്ധയെ ബന്ധുക്കള്‍ റോഡില്‍ തള്ളിയിട്ട് മുറിവേല്‍പിച്ച് ഉപേക്ഷിച്ചതായി പരാതി. കോന്നി അരുവാപ്പുലം പാറക്കടവില്‍ പടപ്പക്കല്‍ വീട്ടില്‍ പൊടിയമ്മയാണ് (76) മുഖത്ത് പരിക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കഴിയുന്നത്. പഞ്ചായത്ത് അംഗത്തിന്‍െറ വീട്ടില്‍ ഓണത്തിന് അരി നല്‍കുന്നു എന്ന് അറിഞ്ഞതനുസരിച്ച് അവിടേക്കുപോയ തന്നെ വഴിയില്‍വെച്ച് ബന്ധുക്കള്‍ റോഡില്‍ തള്ളിയിട്ടുവെന്ന് ഇവര്‍ പറഞ്ഞു. മൂന്ന് സ്ത്രീകള്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. ഈ മാസം 25ന് രാത്രി ഏഴിനായിരുന്നു സംഭവം. റോഡില്‍ കിടന്ന ഇവരെ നാട്ടുകാരനാണ് സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയത്. മുഖമിടിച്ചുവീണ് മൂക്കിനും തലക്കും പരിക്കേറ്റ ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വായക്കുള്ളില്‍ പഴുപ്പുണ്ട്. പത്തനംതിട്ടയില്‍ ഒരു വീട്ടില്‍ 20 വര്‍ഷമായി ജോലി ചെയ്തിരുന്ന ഇവര്‍ ആകെയുണ്ടായിരുന്ന ഏഴു സെന്‍റ് സ്ഥലം സഹോദരന്‍െറ മകള്‍ക്ക് എഴുതിനല്‍കിയതായി പറയുന്നു. ഇവരെ നോക്കാമെന്ന ഉറപ്പിലായിരുന്നു ഇത്. മാസം 8,000 രൂപ കിട്ടിയിരുന്നത് ബന്ധുക്കള്‍ കൈക്കലാക്കി വീട്ടില്‍നിന്ന് ഇറക്കി വിടുകയായിരുന്നത്രേ. വീട്ടില്‍ കഞ്ഞിവെക്കാന്‍ അനുവദിക്കുന്നില്ല. ഒരു മുറി ശരിയാക്കിയെടുത്തെങ്കിലും അവിടെ കഴിയാന്‍ അനുവദിച്ചില്ല. ഒറ്റക്ക് കക്കൂസില്‍ കഞ്ഞിവെച്ച് കഴിയുന്നതിനിടെയായിരുന്നു ആക്രമണം. ആശുപത്രിയില്‍നിന്ന് ചോര നില്‍ക്കാത്ത അവസ്ഥയില്‍ പറഞ്ഞുവിട്ടു. കമ്മല്‍ ഊരി വിറ്റാണ് ആശുപത്രിയില്‍ പണം കൊടുത്തത്. പിന്നീട് ഒറ്റക്ക് ഓട്ടോ വിളിച്ച് ജനറല്‍ ആശുപത്രിയിലത്തെി. ഇവിടെ കിട്ടുന്ന സൗജന്യ ആഹാരം കഴിച്ചാണ് ഇപ്പോള്‍ കഴിയുന്നത്. കോന്നിയില്‍നിന്ന് പൊലീസ് എത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ആരും അന്വേഷിച്ചു വരാനില്ലാത്തതിനാല്‍ എങ്ങോട്ട് പോകണമെന്നറിയാതെ കണ്ണീര്‍ പൊഴിക്കുകയാണ് ഈ വൃദ്ധ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.