വടശ്ശേരിക്കര: പാറമടയില്‍നിന്ന് തഹസില്‍ദാറുടെ കാവലില്‍ പാറപൊട്ടിച്ചു കടത്താനുള്ള ശ്രമം തടയാന്‍ ശ്രമിച്ച സമരസമിതി പ്രവര്‍ത്തകരെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി; പൊലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ. വിവാദമായ ചെമ്പന്‍മുടി മലയിലെ മണിമലത്തേ് പാറമടയില്‍നിന്നാണ് തിങ്കളാഴ്ച വെളുപ്പിനെ നാലേമുക്കാലിന് റാന്നി തഹസില്‍ദാറുടെയും പൊലീസിന്‍െറയും കാവലില്‍ പാറപൊട്ടിച്ചു ലോറിയില്‍ കടത്താന്‍ ശ്രമം നടന്നത്. ജനകീയസമരത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ പാറമട സമീപകാലത്ത് പഞ്ചായത്ത് ലൈസന്‍സ് നേടി തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമരം ശക്തിപ്പെടുത്തുന്നതിനിടയാണ് തഹസില്‍ദാര്‍ നേരിട്ടത്തെി പാറമടലോബിയെ നിയമവിരുദ്ധമായി സഹായിക്കുന്ന നടപടി കൈക്കൊണ്ടത്. രാത്രിയില്‍ പാറമടയിലേക്ക് ലോറി കയറിപ്പോകുന്നതറിഞ്ഞ് പ്രദേശവാസികളായ സമരസമിതി പ്രവര്‍ത്തകര്‍ പാറമടയില്‍നിന്നുള്ള വഴിയില്‍ തടിച്ചുകൂടി. ഇവരെ പുലഭ്യം പറഞ്ഞും ആട്ടിപ്പായിച്ചും ലോറികള്‍ കടത്തിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഇരുപത്തിയഞ്ചോളം പേരെ വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലേക്ക് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു. സംഭവമറിഞ്ഞ് കൂടുതല്‍ നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചേര്‍ന്നതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപംകൊണ്ടു. തുടര്‍ന്ന് വൈകീട്ട് നാലിന് റാന്നി താലൂക്ക് ഓഫിസില്‍വെച്ച് ആര്‍.ഡി.ഒ ചര്‍ച്ചക്ക് തയാറായതോടെയാണ് രംഗം ശാന്തമായത്. നിയമവിധേയമാണെങ്കില്‍പോലും രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെമാത്രമാണ് പാറമടകള്‍ക്ക് പ്രവര്‍ത്തനാനുമതി ഉള്ളതെന്നിരിക്കെ വെളുപ്പിനെ നാലിന് പാറമടയിലത്തെി ലോഡ് കയറ്റാന്‍ പാറമടലോബിക്ക് ഒത്താശ ചെയ്ത റാന്നി തഹസില്‍ദാറുടെ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് ചെമ്പന്‍മുടി സംരക്ഷണ സമരസമിതി ആരോപിച്ചു. പ്രതിഷേധ സമരക്കാര്‍ക്കുനേരെ ആക്രോശിച്ച തഹസില്‍ദാറുടെ വിഡിയോ ചിത്രം നാട്ടുകാര്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ തഹസില്‍ദാര്‍ മുഖം മറച്ച് പൊലീസ് സ്റ്റേഷനിലേക്ക് രക്ഷപ്പെടുകയായിരുന്നെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. അനധികൃതമായി പാറ കടത്താന്‍ ശ്രമിച്ച ക്വാറി ഉടമക്കെതിരെ കേസെടുക്കാതെ പ്രതിഷേധ സമരക്കാര്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടിയാണ് സംഘര്‍ഷഭരിതമായ അന്തരീക്ഷം പൊലീസ് സ്റ്റേഷനിലുണ്ടാകാന്‍ കാരണമായത്. പൊലീസ് സ്റ്റേഷനില്‍ അറസ്റ്റ് ചെയ്തുവെച്ച 90 വയസ്സുള്ള വൃദ്ധയുള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കും കുട്ടികളും അടങ്ങുന്ന സംഘത്തിന് ആഹാരവും വെള്ളവും നിഷേധിച്ച് പൊലീസ് നടപടി ശക്തപ്പെടുത്തി. ഇതേതുടര്‍ന്ന് ആര്‍.ഡി.ഒ സംഭവസ്ഥലത്തത്തെണമെന്ന ഉപാധി സമരസമിതി മുന്നോട്ടുവെച്ചു. എന്നാല്‍, റാന്നി താലൂക്ക് ഓഫിസില്‍വെച്ച് ചര്‍ച്ച നടത്താമെന്ന നിലപാടാണ് ആര്‍.ഡി.ഒ സ്വീകരിച്ചത്. ഇതേതുടര്‍ന്ന് താലൂക്ക് ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ കലക്ടറും ആര്‍.ഡി.ഒയും ചെമ്പന്‍മുടി സന്ദര്‍ശിക്കാമെന്നും പ്രദേശവാസികളുടെ ആശങ്ക പരിഗണിച്ച് പാറമടയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാമെന്നും ആര്‍.ഡി.ഒ ഉറപ്പുനല്‍കി. റാന്നിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സമരസമിതി പ്രവര്‍ത്തകരായ ഷാജി പതാലില്‍, പ്രിന്‍സ് ജോസഫ്, സജി കൊട്ടാരം, അനു സമാധാനത്തില്‍, പശ്ചിമഘട്ട സംരക്ഷണ സമിതി പ്രവര്‍ത്തകരായ കലഞ്ഞൂര്‍ സന്തോഷ് കുമാര്‍, എസ്. രാജീവന്‍, കെ.ജി. അനില്‍കുമാര്‍, രഘു വള്ളിക്കോട് തുടങ്ങിവയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.