അടൂര്‍: പ്രവര്‍ത്തനം നിലച്ച് രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും മണ്ണടി താഴത്ത് ചന്ത പുനരുജ്ജീവിപ്പിക്കാന്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് കഴിഞ്ഞില്ല. സാമൂഹിക വിരുദ്ധര്‍ക്ക് യഥേഷ്ടം വിഹരിക്കാനാണ് ചന്ത സ്ഥലം പ്രയോജനപ്പെടുന്നത്. കടമ്പനാട് ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡില്‍ പ്രവര്‍ത്തനം നിലച്ച മണ്ണടി താഴത്ത് ചന്തയാണ് സാമൂഹിക വിരുദ്ധര്‍ക്ക് തണലേകുന്നത്. ഒരു കാലത്ത് പഞ്ചായത്തിനു കൂടുതല്‍ വരുമാനം ലഭിച്ചിരുന്ന ചന്തകളില്‍ ഒന്നാണിത്. ഒരേക്കറോളം സ്ഥലമുണ്ടായിരുന്ന ചന്തയുടെ വിസ്തൃതി സ്വകാര്യ വ്യക്തികളുടെ കൈയേറ്റം മൂലം 50 സെന്‍റായി കുറഞ്ഞു. ചന്ത തിങ്കളും വ്യാഴവുമാണ് പ്രവര്‍ത്തിച്ചിരുന്നത്. 22 വര്‍ഷമായി ചന്തയുടെ പ്രവര്‍ത്തനം നിലച്ചിട്ട്. മണ്ണടി, മുടിപ്പുര, ദേശക്കല്ലുംമൂട്, ദളവ ജങ്ഷന്‍, നിലമേല്‍, കൊല്ലം ജില്ലയിലെ കുളക്കട, തുറവൂര്‍, ഐവര്‍കാല എന്നിവിടങ്ങളില്‍നിന്ന് നിരവധിയാളുകള്‍ ചന്തയില്‍ സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും എത്തുമായിരുന്നു. ഒരു കാലത്ത് കാര്‍ഷിക ഉല്‍പന്നങ്ങളും കോഴിയും മത്സ്യവും വാങ്ങാന്‍ ദൂരദേശങ്ങളില്‍നിന്നുവരെ ആളുകള്‍ മണ്ണടി താഴത്ത് ചന്തയില്‍ എത്തുമായിരുന്നു. ചന്തയിലെ പഞ്ചായത്തുവക കെട്ടിടത്തിലാണ് തപാല്‍ കാര്യാലയം പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പമുള്ള മുറി ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. ചന്തയില്‍ സ്ഥാപിച്ച കുഴല്‍കിണര്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. സന്ധ്യ മയങ്ങിയാല്‍ ചന്ത സാമൂഹിക വിരുദ്ധരുടെ പിടിയിലമരും. കാടുകയറി പ്രവര്‍ത്തനമില്ലാത്ത ചന്തയില്‍ ചെയ്യാത്ത പുനരുദ്ധാരണത്തിന്‍െറ പേരില്‍ പറക്കോട് ബ്ളോക് പഞ്ചായത്ത് ലക്ഷങ്ങളുടെ അഴിമതി നടത്തിയത് വിവാദമായിരുന്നു. ഒടുവില്‍ ജില്ലാ പഞ്ചായത്ത് മുന്‍ ഭരണസമിതിയുടെ കാലത്ത് അപ്പിനഴികത്ത് ശാന്തകുമാരി ഡിവിഷനെ പ്രതിനിധാനം ചെയ്തപ്പോഴാണ് 2009-10 സാമ്പത്തികവര്‍ഷത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം ചന്ത കോണ്‍ക്രീറ്റ് ചെയ്തതും ബോര്‍ഡ് സ്ഥാപിച്ചതും. ചന്തയുടെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം മാറിമാറി ഭരിച്ച എല്‍.ഡി.എഫ്, യു.ഡി.എഫ് ഭരണസമിതികള്‍ നടപ്പാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.