അടൂരില്‍ തലമുറകള്‍ക്ക് വെളിച്ചം പകര്‍ന്ന സര്‍ക്കാര്‍ സ്കൂളിന് ശതാബ്ദി

അടൂര്‍: തലമുറകള്‍ക്ക് അറിവിന്‍െറ വെളിച്ചം പകര്‍ന്നു നല്‍കിയ അടൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ശതാബ്ദിയുടെ നിറവില്‍. 1917ല്‍ വടക്കടത്തുകാവില്‍ ഇംഗ്ളീഷ് മിഡില്‍ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച സ്കൂള്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‍െറ ഷഷ്ട്യബ്ദപൂര്‍ത്തി സ്മാരകമായിട്ടാണ് അറിയപ്പെടുന്നത്. ആരംഭിച്ച് അധികം നാളുകള്‍ കഴിയുന്നതിന് മുമ്പുതന്നെ വടക്കടത്തുകാവില്‍നിന്ന് അടൂരിലേക്ക് മാറ്റി. 1921ല്‍ ഹൈസ്കൂളായും 1997ല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളായും ഉയര്‍ത്തി. സകൂളിനുള്ള സ്ഥലം ദാനം ചെയ്തത് ആലേലില്‍ രാമന്‍പിള്ളയും സ്കൂള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയത് പുന്തലവീട്ടില്‍ മാധവന്‍ ഉണ്ണിത്താനുമാണ്. ഉന്നതവിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനും ഇംഗ്ളീഷ് സ്കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമായിരുന്ന കാലഘട്ടത്തില്‍ കുന്നത്തൂര്‍, മാവേലിക്കര, പത്തനാപുരം, പത്തനംതിട്ട, കൊട്ടാരക്കര താലൂക്കുകളിലെ വിദ്യാര്‍ഥികളുടെ ആശ്രയമായിരുന്നു ഈ സ്കൂള്‍. മലയാളം, സംസ്കൃതം ക്ളാസുകളും ഇവിടെ അന്ന് ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ പ്രശസ്തരായ പല വ്യക്തികളും ഇവിടത്തെ പൂര്‍വവിദ്യാര്‍ഥികളായിരുന്നു. ഗുരുനിത്യചൈതന്യയതി, അടൂര്‍ ഗോപാലകൃഷ്ണന്‍, അടൂര്‍ ഭാസി, എം.എന്‍. ഗോവിന്ദന്‍ നായര്‍, പി.സി. ആദിച്ചന്‍, ഇ.കെ. പിള്ള, പന്തളം പി.ആര്‍, ഡോ.കെ.പി. നായര്‍, രാജശേഖരന്‍ നായര്‍ ഐ.പി.എസ്, ആലപ്പുഴ ജില്ലാ ജഡ്ജി ആയിരുന്ന എലിസബത്ത് മത്തായി, തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍റര്‍ ഡയറക്ടറായിരുന്ന ഡോ.എം. കൃഷ്ണന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടുത്തെ വിദ്യാര്‍ഥികളായിരുന്നു. 1981ല്‍ വജ്രജൂബിലിയും 2007ല്‍ നവതിയും ആഘോഷിച്ചിരുന്നു. കെ.പി റോഡും എം.സി റോഡും സംഗമിക്കുന്ന സ്ഥലത്തായിട്ടാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി ബാച്ചുകളുള്ളതും കുട്ടികള്‍ പഠിക്കുന്നതുമായ സര്‍ക്കാര്‍ സ്കൂളാണിത്. 2016-17 വര്‍ഷം ശതാബ്ദി വര്‍ഷമായി ആഘോഷിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള സ്വാഗതസംഘം രൂപവത്കരിച്ചു. എ.പി. ജയന്‍ (ചെയ.), ആര്‍. തുളസീധരന്‍പിള്ള (ജന.കണ്‍.), സൂസന്‍ തോമസ്, മിനി (കണ്‍.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.