പൈപ്പ് പൊട്ടലിന് പരിഹാരം കാണാന്‍ നടപടി തുടങ്ങി

അടൂര്‍: കായംകുളം-പത്തനാപുരം സംസ്ഥാന പാത പൈപ്പ് പൊട്ടി തകരുന്നതിനു പരിഹാരമായി പഴയ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി നടപടി തുടങ്ങി. കഴിഞ്ഞ ദിവസം പട്ടാഴിമുക്കിനും ഏഴംകുളത്തിനും മധ്യേ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നിരുന്നു. ഇവിടെ വാട്ടര്‍ അതോറിറ്റി അറ്റകുറ്റപ്പണിക്കായി കുഴിച്ചിട്ടിരിക്കുകയാണ്. അടൂര്‍ സെന്‍ട്രല്‍ കവല മുതല്‍ പുതുവല്‍വരെ പൈപ്പ് പൊട്ടലും പാത തകരലും പതിവാണ്. തകര്‍ന്ന ഭാഗം സാധാരണ രീതിയില്‍ ടാര്‍ ചെയ്യുന്നതിനാല്‍ പൊങ്ങിയും താഴ്ന്നുമാണ് പാതയുടെ സ്ഥിതി. രണ്ടു വര്‍ഷം മുമ്പാണ് ദേശീയപാത നിലവാരത്തില്‍ വികസനം നടത്തി ഈ പാത ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. എന്നാല്‍, പാതയോരത്ത് മണ്ണിനടിയില്‍ ഉള്ള വാട്ടര്‍ അതോറിറ്റി പൈപ്പുകളും ബി.എസ്.എന്‍.എല്‍ കേബ്ളുകളും മാറ്റി സ്ഥാപിക്കാതെയാണ് വീതികൂട്ടി ടാര്‍ ചെയ്തത്. ടാറിങ് കഴിഞ്ഞാണ് ഇവ മാറ്റി സ്ഥാപിക്കാന്‍ ടെന്‍ഡര്‍ ആയത്. ഇതിനാല്‍ ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ പൊട്ടി പാത തകരുന്നത് പതിവാകുകയും ചെയ്യുന്നു. പുതിയ പൈപ്പുകള്‍ ഇടണമെങ്കില്‍ പാതയുടെ ടാറിങ് ഇളക്കേണ്ടിവരും. അടൂര്‍ ശുദ്ധജല വിതരണ പദ്ധതിയുടെ കൈപ്പട്ടൂര്‍ പമ്പ് ഹൗസ് മുതല്‍ ചിരണിക്കല്‍ ശുദ്ധീകരണ പ്ളാന്‍റ് വരെയുള്ള കാലഹരണപ്പെട്ട 400 എം.എം ആസ്ബസ്റ്റോസ് പൈപ്പുകള്‍ മാറ്റി ഡക്ടയില്‍ അയണ്‍ (ഡി.ഐ) പൈപ്പുകളാണ് സ്്ഥാപിക്കുക. കൈപ്പട്ടൂര്‍ മുതല്‍ പൈപ്പുകള്‍ പാതയില്‍ ഇറക്കി തുടങ്ങി. കായംകുളം-പത്തനാപുരം സംസ്ഥാനപാതയില്‍ അടൂര്‍ ഹൈസ്കൂള്‍ കവല മുതല്‍ ഏഴംകുളം പട്ടാഴിമുക്കുവരെ ഇരുവശവും സ്ഥാപിച്ചിരിക്കുന്ന 300 എം.എം എ.സി പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടിയും ആരംഭിച്ചതായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. 11 കോടിയോളം തുക ചെലവ് പ്രതീക്ഷിക്കുന്ന ഈ പ്രവൃത്തികള്‍ നടപ്പാകുന്നതോടെ മണ്ഡലത്തിലെ ശുദ്ധജല വിതരണത്തിലെ പ്രശ്നങ്ങള്‍ പരമാവധി പരിഹരിക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.