ഒന്നും നടക്കുന്നില്ളെന്ന് ജനപ്രതിനിധികള്‍; എല്ലാം ശരിയാക്കാമെന്ന് ഉദ്യോഗസ്ഥര്‍

പത്തനംതിട്ട: റോഡിലൂടെയുള്ള പൈപ്പ് ലൈന്‍ നന്നാക്കുന്നതില്‍ ജല അതോറിറ്റിയും പൊതുമരാമത്ത് നിരത്ത് വിഭാഗവും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ജനങ്ങളുടെ കുടിവെള്ളം മുടങ്ങാന്‍ പാടില്ളെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ വീണ ജോര്‍ജ് എം.എല്‍.എ ആവശ്യപ്പെട്ടു. പലയിടത്തും പൈപ്പുപൊട്ടി കുടിവെള്ളം മുടങ്ങിയിട്ടുണ്ട്. ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ വെള്ളം ലഭിക്കുന്നില്ളെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ട്. നാരങ്ങാനം പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍ ഏഴുമാസമായി കുടിവെള്ളമില്ല. ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാവണം. ഇരവിപേരൂരില്‍ റോഡിന്‍െറ ഇരുവശവും അനധികൃത കച്ചവടം നടക്കുന്നു. റവന്യൂ, പൊലീസ് എന്നിവരുടെ സഹകരണത്തോടെ പൊതുമരാമത്ത് നിരത്തുവിഭാഗം ഇവരെ ഒഴിപ്പിക്കണം. പത്തനംതിട്ട റിങ് റോഡിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും വീണ ജോര്‍ജ് എം. എല്‍.എ പറഞ്ഞു. ഇവിടെ സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച കലക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. ഓണക്കാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ്, ലഹരി, വ്യാജമദ്യ വില്‍പന നടക്കാന്‍ സാധ്യതയുണ്ടെന്നും ഇത് തടയാന്‍ എക്സൈസ് വകുപ്പ് നടപടിയെടുക്കണമെന്നും വീണ ജോര്‍ജ് പറഞ്ഞു. പൊലീസ്, വനംവകുപ്പുകളുടെ സഹകരണത്തോടെ റെയ്ഡ് ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പന്തളം കുറുന്തോട്ടയം പാലത്തിന്‍െറ പണി കാരണം കെ.എസ്.ആര്‍.ടി.സി ബസുകള്‍ വഴിതിരിച്ചുവിടുന്നതിന്‍െറ പേരില്‍ അധികടിക്കറ്റ് ചാര്‍ജ് വാങ്ങുന്നത് ഒഴിവാക്കണമെന്ന് കഴിഞ്ഞ വികസന സമിതിയില്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ളെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. ഇക്കാര്യത്തില്‍ ഒരാഴ്ചക്കകം പരിഹാരമുണ്ടായില്ളെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കും. വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടതുകാരണം തകര്‍ന്ന റോഡുകള്‍ ഉടന്‍ നന്നാക്കണം. അടൂര്‍ മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കണം. ഏനാത്ത് മുതല്‍ പന്തളം വരെ റോഡരികിലെ ഓടക്ക് സ്ളാബിടുന്നതിന് അടുത്ത ഡി.ഡി.സിക്ക് മുമ്പ് കെ.എസ്.ടി.പി നടപടി സ്വീകരിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കോന്നിയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാവണമെന്നും ഉടന്‍ പട്ടയം നല്‍കണമെന്നും അടൂര്‍ പ്രകാശ് എം.എല്‍.എ ആവശ്യപ്പെട്ടു. എം.എല്‍.എ എന്ന നിലയില്‍ പത്തനംതിട്ട ഡിപ്പോയില്‍നിന്ന് അനുവദിച്ച പല കെ.എസ്.ആര്‍.ടി.സി സര്‍വിസുകളും നിലച്ചതായും ഇതിന്‍െറ കാരണമറിയണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ചിറ്റാര്‍ നീലിപിലാവ് വഴി വൈദ്യുതി ലൈന്‍ വലിക്കുന്നതിന് അനുമതി നല്‍കുന്നത് സംബന്ധിച്ച വിവരം അടുത്ത വികസന സമിതി യോഗത്തില്‍ റാന്നി ഡി.എഫ്.ഒ അറിയിക്കണം. കോന്നിയിലെ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിങ് പരിപാടി ഉടന്‍ പുനരാരംഭിക്കണം. ഇതിനായി സി.സി.എഫ് ഉടന്‍ യോഗം വിളിച്ച് നടപടി സ്വീകരിക്കണം. കൂടല്‍ ആശുപത്രി കെട്ടിടത്തിന്‍െറ പണി ഉടന്‍ ആരംഭിക്കണം. ആവണിപ്പാറ പാലംപണി നടത്തുന്നതിന് വനംവകുപ്പിന്‍െറ അനുമതി ഉടന്‍ ലഭ്യമാക്കണം. അനുമതിക്കായി കേന്ദ്ര വനംമന്ത്രാലയത്തിന് സി.സി.എഫ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഒരുമാസത്തിനകം അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും കോന്നി ഡി.എഫ്.ഒ അറിയിച്ചു. കോയിപ്രം പഞ്ചായത്തിലെ ആന്താലിമണ്‍ കുടിവെള്ള പദ്ധതിയുടെ രണ്ടു മോട്ടോറുകളും പ്രവര്‍ത്തനരഹിതമായത് നന്നാക്കുന്നതിന് നടപടിവേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി പറഞ്ഞു. കുടിവെള്ള പദ്ധതി ബ്ളോക് പഞ്ചായത്തിന് കൈമാറിയതിനാല്‍ വാട്ടര്‍ അതോറിറ്റിക്ക് അറ്റകുറ്റപ്പണി നടത്താന്‍ ബുദ്ധിമുട്ടുണ്ട്. പദ്ധതി പഞ്ചായത്തിന് കൈമാറുന്നത് ഉചിതമായിരിക്കുമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പന്തളം ക്ഷേത്രത്തിനടുത്തെ തൂക്കുപാലം നന്നാക്കുന്നതിന് നടപടി ഉണ്ടാവണമെന്ന് പന്തളം നഗരസഭാധ്യക്ഷ ടി.കെ. സതി പറഞ്ഞു. റവന്യൂ വകുപ്പ് നഗരസഭക്ക് പാലം വിട്ടുനല്‍കിയാല്‍ അറ്റകുറ്റപ്പണി നടത്താമെന്ന് പന്തളം നഗരസഭാ സെക്രട്ടറി അറിയിച്ചു. പുനലൂര്‍-മൂവാറ്റുപുഴ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് മൈലപ്രയിലെ ഏഴു കുടുംബങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നതിന്‍െറ സര്‍വേ നടപടി സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് സ്പെഷല്‍ തഹസില്‍ദാര്‍ എല്‍.എ അറിയിച്ചു. ശബരിമലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയുടെ കെട്ടിടം പൊളിക്കുന്നത് 31ന് കലക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ചര്‍ച്ചചെയ്യും. പത്തനംതിട്ട കലക്ടറേറ്റില്‍നിന്ന് പുറത്തേക്കുവരുന്ന വഴിയുടെ വീതി കൂട്ടുന്നതിനുള്ള എസ്റ്റിമേറ്റ് നഗരസഭ തയാറാക്കണം. ഓമല്ലൂര്‍ പന്ന്യാലി കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തെ കുടിവെള്ള പൈപ്പ് ലൈനിന്‍െറ പണിക്കുള്ള തുക ജില്ലാ പഞ്ചായത്ത് നല്‍കുമെന്ന് അറിയിച്ചതായി വാട്ടര്‍ അതോറിറ്റി അറിയിച്ചു. അടുത്ത കമ്മിറ്റി വിഷയം ചര്‍ച്ചചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ എല്ലാ മാസവും സ്ക്വാഡ് പരിശോധന നടത്തുമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു. കോന്നി, കലഞ്ഞൂര്‍, മുല്ലശേരി, ഈട്ടിമൂട്ടില്‍പ്പടി എന്നിവിടങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ കെ.എസ്.ടി.പി മുറിച്ചുമാറ്റും. ആറന്മുള വള്ളംകളി ദിവസം ഫയര്‍ഫോഴ്സിന്‍െറ സ്റ്റാന്‍ഡ്ബൈ യൂനിറ്റുണ്ടാവും. പന്തളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടങ്ങളുടെ വൈദ്യുതീകരണം ആശുപത്രി മാനേജ്മെന്‍റ് ഫണ്ട് ഉപയോഗിച്ച് ചെയ്യാമെന്ന് ഡി.എം.ഒ അറിയിച്ചു. കൊടുമണ്‍ പ്ളാന്‍േറഷന്‍െറ കാടുപിടിച്ച സ്ഥലം വൃത്തിയാക്കാന്‍ പ്ളാന്‍േറഷന്‍ മാനേജര്‍ക്ക് കത്തു നല്‍കുമെന്ന് ഡി.എഫ്.ഒ അറിയിച്ചു. അടൂര്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓരോമാസത്തെയും യോഗം ചേരുന്നത് എം.എല്‍.എയെ അറിയിക്കണമെന്ന് നിര്‍ദേശിച്ചു. പന്തളം മുതല്‍ കുരമ്പാല വരെയുള്ള തെരുവുവിളക്കുകള്‍ തെളിയിക്കുന്നതിന് നഗരസഭ ടെന്‍ഡര്‍ വിളിച്ചതായി സെക്രട്ടറി അറിയിച്ചു. ജില്ലാ പ്ളാനിങ് ഓഫിസര്‍ പി.ജെ. ആമിന, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.