പത്തനംതിട്ട: ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നഗരത്തില്‍ പുതിയ ഗതാഗതപരിഷ്കാരം. കെ.എസ്.ആര്‍.ടി.സി ബസും പഴയ സ്വകാര്യ ബസ് സ്റ്റാന്‍ഡ് വഴിയാണ് ഇപ്പോള്‍ തിരിച്ചുവിടുന്നത്. ഇതോടെ സെന്‍ട്രല്‍ ജങ്ഷനിലെ തിരക്ക് കുറക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ട്രാഫിക് അധികൃതര്‍. ഓണക്കാലമായതോടെ നഗരത്തില്‍ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിഷ്കാരം ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. തിരുവല്ല, ചെങ്ങന്നൂര്‍, അടൂര്‍, കോഴഞ്ചേരി, പന്തളം ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകളാണ് പഴയ സ്വകാര്യ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് സെന്‍ററിന് സമീപമുള്ള റോഡിലൂടെ മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്നത്. നേരത്തേ സ്വകാര്യബസുകള്‍ മാത്രമായിരുന്നു പഴയ സ്റ്റാന്‍ഡിലൂടെ സഞ്ചരിച്ചത്്. കെ.എസ്.ആര്‍.ടി.സിയില്‍ ഈ റൂട്ടിലോടുന്ന എല്ലാ ഡ്രൈവര്‍മാര്‍ക്കും നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. പഴയ സ്വകാര്യ സ്റ്റാന്‍ഡിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്ന ഭാഗത്ത് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി. തൈക്കാവ് റോഡിലെ അനധികൃത പാര്‍ക്കിങ് ബസുകള്‍ കടന്നുപോകുന്നതിന് തടസ്സമാണെന്നും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ പറയുന്നു. വലിയ വാഹനങ്ങള്‍ ഏറെ പണിപ്പെട്ടാണ് തിരിയുന്നത്. സ്വകാര്യബസുകളും കെ.എസ്.ആര്‍.ടി.സിയും ഈ റൂട്ടിലൂടെ എത്തുന്നതിനാല്‍ വലിയ തിരക്കാണ്. കാല്‍നടക്കാര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടാണ്. എന്നാല്‍, ദീര്‍ഘദൂര ബസുകള്‍, ലോഫ്ളോര്‍ ബസുകള്‍ എന്നിവ ടൗണില്‍ പ്രവേശിക്കാതെ സെന്‍റ് പീറ്റേഴ്സ് ജങ്്ഷനില്‍നിന്ന് തിരിഞ്ഞ് വെട്ടിപ്രം വഴി കെ.എസ്.ആര്‍.ടി.സിയില്‍ പ്രവേശിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.