മദ്യപിച്ചവരെ കളിവള്ളങ്ങളില്‍ കയറ്റരുതെന്ന് മനുഷ്യാവകാശ കമീഷന്‍

പത്തനംതിട്ട: മദ്യപിച്ച് കളിവള്ളങ്ങളില്‍ കയറുന്നത് കര്‍ശനമായി തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. മദ്യപിച്ച് എത്തുന്നവരെ കളിവള്ളങ്ങളില്‍ കയറാന്‍ അനുവദിക്കരുത്. ഇതിന്‍െറ ചുമതല സംഘാടകര്‍ ഏറ്റെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ആറന്മുള വള്ളസദ്യയോടനുബന്ധിച്ച് ചുണ്ടന്‍ വള്ളം മറിഞ്ഞ് അപകടമുണ്ടായതിന്‍െറ പശ്ചാത്തലത്തില്‍ കമീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മനുഷ്യജീവന്‍െറ പ്രശ്നമായതിനാല്‍ യാത്രാവള്ളങ്ങളിലും കളിവള്ളങ്ങളിലും ചുണ്ടന്‍ വള്ളങ്ങളിലും സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. വള്ളങ്ങളില്‍ നീന്തല്‍ അറിയാവുന്നവരെ മാത്രം പ്രവേശിപ്പിക്കണോ, ലൈഫ് ബോയ പോലുള്ള സംവിധാനങ്ങള്‍ കളിവള്ളങ്ങളിലും ചുണ്ടന്‍ വള്ളങ്ങളിലും ഏര്‍പ്പെടുത്തണോ, ലൈഫ് ഗാര്‍ഡുകള്‍ വള്ളങ്ങളില്‍ ഉണ്ടായിരിക്കണമോ എന്നീ വിഷയങ്ങളില്‍ വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തി സര്‍ക്കാറിനുവേണ്ടി ചീഫ് സെക്രട്ടറി സെപ്റ്റംബര്‍ 20നകം വിശദീകരണം ഫയല്‍ ചെയ്യണമെന്ന് കമീഷന്‍ നിര്‍ദേശിച്ചു. ആറന്മുള വള്ളംകളിക്ക് മാത്രമല്ല, എല്ലാ കളിവള്ളങ്ങള്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ ആവശ്യമാണെന്ന് കമീഷന്‍ നിരീക്ഷിച്ചു. മണല്‍വാരല്‍ കാരണം ചുഴിയും ചതിക്കുഴികളും കായലിലുണ്ടെന്നും ഉത്തരവില്‍ പറയുന്നു. കേസ് സെപ്റ്റംബര്‍ 27ന് രാവിലെ 11ന് പത്തനംതിട്ട ഗവ. ഗെസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.