പാറഖനനം :30 കി.മീ നടന്ന് ചെമ്പന്‍മുടി സമരസമിതിയുടെ കലക്ടറേറ്റ് മാര്‍ച്ച്

പത്തനംതിട്ട: ചെമ്പന്‍മുടി മലയിലെ അനധികൃത പാറഖനനം അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചെമ്പന്‍മുടി സമര സമിതി നേതൃത്വത്തില്‍ 30 കി. മീ നടന്ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തി. കുട്ടനാട് വികസന സമിതി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ ഉദ്ഘാടനം ചെയ്തു. ഒരുപറ്റം ആളുകള്‍ ചേര്‍ന്ന് ഭൂമിയെ കച്ചവടച്ചരക്കാക്കിയത് വലിയ നാശത്തിന് ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്ത് 3000ത്തിലധികം പാറമടകള്‍ പ്രവര്‍ത്തിക്കുന്നതായി നിയമസഭാ സമിതി കണ്ടത്തെിയിട്ടും നടപടിയുണ്ടായിട്ടില്ല. പാറമട ലോബികള്‍ ലാഭത്തിന്‍െറ വിഹിതം ഉന്നതര്‍ക്ക് നല്‍കുന്നതായും അദ്ദേഹം ആരോപിച്ചു. രാവിലെ എട്ടിന് നാറാണംമൂഴി പഞ്ചായത്ത് ഓഫിസ് പടിക്കല്‍നിന്ന് ആരംഭിച്ച പദയാത്രയില്‍ 300ഓളം പേര്‍ പങ്കെടുത്തു. പെരുനാട്, മഠത്തുംമൂഴി, വടശേരിക്കര, കുമ്പളാംപൊയ്ക, മണ്ണാറക്കുളഞ്ഞി, മൈലപ്ര വഴി 30 കി.മീ. സഞ്ചരിച്ച സമരക്കാര്‍ ഉച്ചക്ക് രണ്ടിന് കലക്ടറേറ്റില്‍ എത്തി. കണ്‍വീനര്‍ സജി കൊട്ടാരം അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം എം.ജി. കണ്ണന്‍, ഷാജി പതാലില്‍, പ്രിന്‍സ് ജോസ്, അനു സമാധാനം, റെജി മലയാലപ്പുഴ, ജോണ്‍ മാത്യു, സന്തോഷ് കലഞ്ഞൂര്‍ എന്നിവര്‍ സംസാരിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വി.കോട്ടയം ഗ്രാമരക്ഷാസമിതി പ്രവര്‍ത്തകരും എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.