കാവുംഭാഗത്ത് മാലിന്യം തള്ളല്‍; പകര്‍ച്ചവ്യാധി ഭീഷണി

തിരുവല്ല: കാവുംഭാഗത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ മൂക്കുപൊത്തിയാണ് യാത്ര. ജി.കെ ആശുപത്രിപടി മുതല്‍ ചാലക്കുഴി പള്ളിപ്പടി വഴി അഞ്ചല്‍കുറ്റിക, അമ്പാട്ട് പടി, പമ്പഴ റോഡ് വരെ ഭാഗങ്ങളിലൂടെ കാല്‍നട ദുസ്സഹമാണ്. ജി.കെ ആശുപത്രിയുടെ വളവിനും അമ്പാട്ട് പടിക്കും ഇടയില്‍ ആളെഴിഞ്ഞ ഭാഗത്ത് കഴിഞ്ഞദിവസം കക്കൂസ് മാലിന്യം തള്ളിയത് യാത്രക്കാരെയും സമീപവാസികളെയും ഏറെ വലച്ചു. ഓടയോട് ചേര്‍ന്ന കാടുപിടിച്ച പ്രദേശത്തായിരുന്നു മാലിന്യം തള്ളിയത്. കാവുംഭാഗത്തിന് സമീപം അമ്പിളി ജങ്ഷന്‍ വഴി ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനോട് ചേര്‍ന്ന ഭാഗത്ത് രാത്രിയില്‍ അറവ് മാലിന്യം തള്ളുന്നതും വര്‍ധിച്ചിട്ടുണ്ട്. തള്ളിയ മാലിന്യം തെരുവുനായ്ക്കള്‍ വലിച്ച് റോഡില്‍ നിറയെ ചിതറുന്നത് കാല്‍നടക്കാരെ വലക്കുന്നു. പൊതുനിരത്തില്‍ മാലിന്യം തള്ളരുതെന്ന നഗരസഭയുടെ ബോര്‍ഡിന് താഴെയും മാലിന്യമുണ്ട്. കാവുംഭാഗത്തുനിന്ന് മുത്തൂരിലേക്ക് എളുപ്പമാര്‍ഗം സഞ്ചരിക്കാന്‍ കഴിയുന്ന റോഡിലും സമാനസ്ഥിതിയാണ്. പ്രദേശത്ത് മാലിന്യം തള്ളല്‍ വര്‍ധിച്ചതോടെ പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ആശങ്കയിലുമാണ് നാട്ടുകാര്‍. മൂന്നുവര്‍ഷം മുമ്പ് മാലിന്യമുക്ത നഗരസഭയായി തിരുവല്ലയെ പ്രഖ്യാപിച്ചെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.