അടൂര്‍: അടൂര്‍ ജനറല്‍ ആശുപത്രി ബഹുനിലമന്ദിരത്തില്‍ ലിഫ്റ്റ് സ്ഥാപിക്കാനുള്ള ജോലികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ജൂലൈ 31ന് മുമ്പ് ലിഫ്റ്റ് സ്ഥാപിക്കുമെന്ന കരാറുകാരന്‍െറ ഉറപ്പും പാലിക്കപ്പെട്ടില്ല. മേയ് രണ്ടാം വാരം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കരാറുകാരന്‍ ഉറപ്പു നല്‍കിയത്. കെട്ടിട നിര്‍മാണം നടത്തിയതിനു പൊതുമരാമത്ത് വകുപ്പ് നല്‍കാനുള്ള പണമില്ലാത്തതാണ് ലിഫ്റ്റ് പ്രവര്‍ത്തനത്തിനു തടസ്സമായത്. 2014 ഒക്ടോബറില്‍ ആശുപത്രിയുടെ ബഹുനിലമന്ദിരം ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിര്‍വഹിച്ചത്. അഞ്ചുനിലയുള്ള മന്ദിരത്തിന്‍െറ ലിഫ്റ്റ് ഉള്‍പ്പെടെയുള്ള നിര്‍മാണത്തിനാണ് കരാര്‍ നല്‍കിയത്. ജനറല്‍ വാര്‍ഡുകള്‍ നാല്, അഞ്ച് നിലകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടത്തിലാണ് ഓപറേഷന്‍ തിയറ്റര്‍ ഉള്ളത്. രോഗികളടക്കം ഏറെ പ്രയാസപ്പെട്ടാണ് മുകള്‍നിലയില്‍ എത്തുന്നത്. ലിഫ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ത്തി നിരവധി സമരങ്ങളും നടന്നിട്ടുണ്ട്. ലിഫ്റ്റ് നിര്‍മാണ കമ്പനിയെച്ചൊല്ലിയുണ്ടായ തര്‍ക്കവും പ്രതിസന്ധി സൃഷ്ടിച്ചു. സൂപ്രണ്ടിങ് എന്‍ജിനീയര്‍ നിര്‍ദേശിച്ച കമ്പനിയുടെ പേര് കരാറില്‍ ഉള്‍പ്പെടുത്തിയില്ളെന്നാണ് കരാറുകാരന്‍െറ വാദം. തുടര്‍ന്ന് കരാറുകാരനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മറ്റൊരു കമ്പനിയുടെ ലിഫ്റ്റ് സ്ഥാപിക്കാന്‍ ധാരണയായി. തുക പൂര്‍ണമായും അടക്കാത്തതിനാല്‍ ലിഫ്റ്റും അനുബന്ധ സാധനങ്ങളും കമ്പനി അധികൃതര്‍ എത്തിച്ചിട്ടില്ല. ഇതിനായി തനിക്ക് കിട്ടാനുള്ള തുകയുടെ ബില്ല് പാസാക്കണമെന്ന് കരാറുകാരന്‍ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ താമസം വരുത്തി. മൂന്നു മാസത്തെ സാവകാശം നല്‍കണമെന്നാണ് കരാറുകാരന്‍െറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.