മനസ്സ് തുറന്ന് കാഴ്ചകള്‍ കാണണം –ബ്ളെസി

പത്തനംതിട്ട: മനസ്സ് തുറന്ന് കാഴ്ചകള്‍ കാണാന്‍ കഴിയണമെന്ന് സിനിമാ സംവിധായകന്‍ ബ്ളെസി. ജില്ലയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 11, 12 ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി ജില്ലാ ഭരണകൂടവും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി നടപ്പാക്കുന്ന ‘ഇന്‍സൈറ്റ് 2016’ന്‍െറ ആദ്യ പ്രതിമാസ പരിശീലന ക്ളാസ് ഉദ്ഘാടനം നിര്‍വഹിച്ചശേഷം കുട്ടികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍സൈറ്റിലൂടെ സമൂഹത്തിനെ ഉള്‍ക്കൊണ്ടുകൊണ്ട് ജ്ഞാനം നേടാന്‍ ഓരോകുട്ടിക്കും സാധിക്കും. അമ്മക്ക് മാത്രമേ വിവിധ ഭാവങ്ങളിലൂടെ പുരോഗമിച്ച് മക്കളുടെ ഉയര്‍ച്ച സാധ്യമാക്കാന്‍ കഴിയൂ. നന്മ ചെയ്യാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്. ജീവിതത്തില്‍ കിട്ടുന്ന അവസരങ്ങള്‍ പൂര്‍ണമായി ഉപയോഗിക്കണം. സിനിമയുടെ കാലിക പ്രസക്തിയെക്കുറിച്ചും കുടുംബ ബന്ധങ്ങളെക്കുറിച്ചും കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് തന്‍െറ അനുവഭങ്ങളിലൂടെ ഹൃദയസ്പര്‍ശിയായ മറുപടിയാണ് നല്‍കിയത്. സ്വന്തം തിരക്കഥയില്‍ നായകനായി അഭിനയിക്കാന്‍ തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് സിനിമയെ സംബന്ധിച്ച് അത്തരം വലിയ അബദ്ധങ്ങള്‍ തോന്നാറില്ളെന്നും ബ്ളെസി മറുപടി പറഞ്ഞു. സിനിമയില്‍ സഹനടന്മാരുടെ എണ്ണം പെരുകുന്നുവെന്ന ചോദ്യത്തിന് ഒരാളെ മാത്രം സഹിക്കാന്‍ ആസ്വാദകര്‍ക്ക് കഴിയാത്തതാണ് ഉപകഥാപത്രങ്ങളുടെ എണ്ണപ്പെരുപ്പത്തിന് കാരണമെന്ന മറുപടി സദസ്സില്‍ ചിരിപടര്‍ത്തി. എല്ലാ മേഖലകളിലും സ്ത്രീയുടെ ആധിപത്യം ഉറപ്പാക്കേണ്ടതുണ്ട്. സ്വന്തം ശക്തി സ്ത്രീകള്‍ തിരിച്ചറിയാത്തതാണ് സിനിമ ഉള്‍പ്പെടെയുള്ള പല മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യം കുറയാന്‍ കാരണം. സിനിമയെ ഒരു വിനോദോപാധിയായി മാത്രം കാണുന്നില്ല. അതിനാലാണ് സ്വന്തം സിനിമകള്‍ വൈകാരിക പ്രസക്തമാകുന്നതിന്‍െറ കാരണവും. കളിമണ്ണ് എന്ന ചിത്രം അത്തരമൊരു കാഴ്ചപ്പാടില്‍നിന്നാണ് ചിത്രീകരിച്ചത്. മാതൃത്വം എന്നത് പൂര്‍ണഭാവത്തില്‍ കാണിക്കാനാണ് ശ്രമിച്ചത്. എന്നാല്‍, കളിമണ്ണുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും വിമര്‍ശങ്ങളും ഉണ്ടായത് തന്നെ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പുരസ്കാരങ്ങള്‍ മോശം സിനിമ എടുക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നവെന്ന് പറഞ്ഞ ബ്ളെസി ഇന്‍സൈറ്റില്‍ പങ്കെടുത്ത കുട്ടികള്‍ക്കൊപ്പംനിന്ന് ചിത്രമെടുത്തശേഷമാണ് മടങ്ങിയത്. മുന്‍ കലക്ടര്‍ എസ്. ഹരികിഷോര്‍ പരിശീലന ക്ളാസില്‍ മുഖ്യാതിഥിയായി. ‘ഉന്നത വിജയത്തിന് ഏഴ് വഴികള്‍’ എന്ന അദ്ദേഹത്തിന്‍െറ പുസ്തകം ബ്ളെസിക്ക് നല്‍കി. സാമൂഹിവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികളുടെ ബൗദ്ധികവും നേതൃത്വപരവുമായ കഴിവുകളെ കണ്ടെണ്ടത്തി ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ഇന്‍സൈറ്റ് 2015’ന്‍െറ തുടര്‍ച്ചയായാണ് ഈ വര്‍ഷവും പദ്ധതി നടപ്പാക്കുന്നത്. എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടക്കുന്ന പരിപാടിയില്‍ വിവിധ മേഖലകളില്‍ പ്രഗല്ഭരായ വ്യക്തികളുടെ നേതൃത്വത്തില്‍ വ്യക്തിത്വ വികസനം, ശേഷീവികസനം, കരിയര്‍ വികസനം എന്നീ വിഷയങ്ങളില്‍ അധിഷ്ഠിതമായ പരിശീലന പരിപാടിയും സംഘടിപ്പിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളില്‍നിന്ന് 139 വിദ്യാര്‍ഥിനികള്‍ പരിശീലന ക്ളാസില്‍ പങ്കെടുത്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ എസ്. സാബിര്‍ ഹുസൈന്‍ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ സ്വാമിനാഥന്‍, അസി. ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍മാരായ വി.എസ്. സീമ, പി.എന്‍. സുരേഷ്കുമാര്‍, കണ്‍സള്‍ട്ടന്‍റുമാരായ ബി.എന്‍. ഷീബ, എലിസബത്ത് ജി. കൊച്ചില്‍, പി.ആര്‍. അനൂപ, എസ്. അജിത്, അരുണ്‍ പി. രാജ്, ശോഭു നാരായണന്‍, ഷീന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.