മൂന്ന് സെന്‍റ് കൃഷിവിപ്ളവത്തിലൂടെ ഓണം പൊലിപ്പിക്കാന്‍ കുടുംബശ്രീ

പത്തനംതിട്ട: കുടുംബശ്രീ ‘പൊലിവ്’ പദ്ധതിയിലൂടെ ഓണ വിപണിയോടനുബന്ധിച്ച് ജില്ലയെ പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക് നയിക്കാനൊരുങ്ങി കുടുംബശ്രീ ജില്ലാ മിഷന്‍. തദ്ദേശ സ്വയംഭരണ വകുപ്പിന്‍െറയും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെയും പങ്കാളിത്തത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളാണ് പച്ചക്കറി കൃഷിയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ചീര, വെണ്ട, പയര്‍, പച്ചമുളക്, വഴുതന, തക്കാളി, കരനെല്ല് എന്നീ വിളകള്‍ പ്രധാനമായും കൃഷി ചെയ്യും. ജില്ലയിലെ മൊത്തം 9548 അയല്‍ക്കൂട്ടങ്ങളില്‍ 7324 അയല്‍ക്കൂട്ടങ്ങള്‍, ബാലസഭ കുട്ടികള്‍ എന്നിവരുടെ പങ്കാളിത്തവും പദ്ധതിയില്‍ ഉണ്ടാകും കൃഷിക്കാവശ്യമായ വിത്തും സാങ്കേതിക സഹായവും കൃഷി വകുപ്പ് നല്‍കും. പച്ചക്കറിക്കുള്ള വിപണന സംവിധാനവും കൃഷി വകുപ്പ് ഒരുക്കും. 250 ഹെക്ടര്‍ കൃഷിയിടത്തില്‍നിന്ന് 2500 ടണ്‍ പച്ചക്കറി ഉല്‍പാദനമാണ് ലക്ഷ്യമിടുന്നത്. വാര്‍ഡ് തലത്തിലും പഞ്ചായത്ത് ജില്ലാതലത്തിലും കാര്‍ഷികമേളകള്‍ സംഘടിപ്പിച്ച് പച്ചക്കറി വിപണിയില്‍ വിറ്റഴിക്കാന്‍ ജില്ലാ മിഷന്‍ സംവിധാനം ഒരുക്കും. സെപ്റ്റംബര്‍ ഏഴ് മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന വിപണനമേള ഒരു കോടിയുടെ വില്‍പന ലക്ഷ്യമിടുന്നു. ജില്ലയുടെ ഓരോ അയല്‍ക്കൂട്ടവും മൂന്ന് സെന്‍റില്‍ ഏതെങ്കിലും ആറ് വിളകള്‍ കൃഷി ചെയ്യണം. മൂന്ന് സെന്‍റില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറി അയല്‍ക്കൂട്ടാംഗങ്ങളുടെ ആവശ്യത്തിന് ഉപയോഗിച്ചശേഷമേ വില്‍ക്കാന്‍ പാടുള്ളൂവെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാന്‍സര്‍ പ്രതിരോധത്തിനും ബോധവത്കരണത്തിനും ജില്ലയില്‍ കുടുംബശ്രീ ജില്ലാമിഷന്‍ നടപ്പാക്കിയ സ്വാസ്ഥ്യം പദ്ധതിയുടെ തുടര്‍ച്ചയായാണ് പൊലിവ് പദ്ധതി ആരംഭിച്ചത്. കാര്‍ഷിക സംസ്കാരം പുനര്‍ജീവിപ്പിക്കുക, വിഷരഹിത ഭക്ഷണം ലഭ്യമാക്കി രോഗവിമുക്തി നേടുക, വരുംതലമുറയെ കൃഷിയില്‍ തല്‍പരരാക്കുക, കൃഷി പ്രധാന വരുമാനമാര്‍ഗമാക്കി മാറ്റുക, സ്ത്രീകളെയും കുട്ടികളെയും കാര്‍ഷിക സംസ്കാരത്തിലേക്ക് കൊണ്ടുവരിക എന്നിവയാണ് പൊലിവ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ജില്ലയില്‍ മാത്രം നടപ്പാക്കിയ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും തീരുമാനമുണ്ടെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ സബിന്‍ ഹുസൈന്‍ പറഞ്ഞു. വിപണനമേളയോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ 11ാം വാര്‍ഡില്‍പ്പെട്ട അയല്‍ക്കൂട്ട അംഗമായ അനീസ്യ രചിച്ച പൊലിവ് ഗാനവും ആലപിക്കും. ജിജോ ജോണ്‍സണ്‍ സംഗീതം നല്‍കിയ ഗാനം ഗായിക ചന്ദ്രലേഖ ആലപിക്കും. ഗാനം ദൃശ്യവത്കരിക്കാനും ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക വിപണന മേളയില്‍ കൃഷിവിളകള്‍ക്കൊപ്പം ആയൂര്‍വേദ ഉല്‍പന്നങ്ങള്‍, മസാലക്കൂട്ടുകള്‍, വിവിധയിനം ഭക്ഷ്യവസ്തുക്കള്‍ എന്നിവയും വിറ്റഴിക്കും. വിവിധയിനം പായസങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പായസമേളയും സംഘടിപ്പിക്കും. എല്ലായിനം കിഴങ്ങുവര്‍ഗങ്ങളാല്‍ ഉണ്ടാക്കുന്ന ഇന്‍സ്റ്റന്‍റ് ചിപ്സ് ഓണമേളയുടെ പ്രത്യേകതയാണ്. കുടുംബശ്രീ ജില്ലാമിഷന്‍െറ മാര്‍ക്കറ്റിങ് കണ്‍സല്‍ട്ടന്‍റ് എലിസബത്ത് ജി. കൊച്ചിലാണ് ജില്ലാതല കോഓഡിനേറ്റര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.