ഒന്നു മുതല്‍ 19വരെ പ്രായമായവര്‍ക്ക് വിരനിര്‍മാര്‍ജന ഗുളിക നല്‍കും

പത്തനംതിട്ട: ദേശീയ വിരമുക്ത ദിനാചരണത്തിന്‍െറ ഭാഗമായി വിരനശീകരണത്തിനായി സമൂഹചികിത്സ പരിപാടി സംഘടിപ്പിക്കും. ഇതിന്‍െറ ഭാഗമായി ജില്ലയിലെ സ്കൂളുകളിലെയും അങ്കണവാടികളിലെയും ഒന്നു മുതല്‍ 19വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ബുധനാഴ്ച വിരനിര്‍മാര്‍ജന ഗുളിക നല്‍കും. ജില്ലാ മെഡിക്കല്‍ ഓഫിസ് നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും അങ്കണവാടികളിലെയും ഡേ കെയര്‍ സെന്‍ററുകളിലെയും കുട്ടികള്‍ക്ക് വിരനിര്‍മാര്‍ജന ഗുളികയായ ആല്‍ബന്‍ഡസോള്‍ നല്‍കും. ഉച്ചഭക്ഷണത്തിനുശേഷം മരുന്ന് നല്‍കും. തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പമോ വെള്ളം കൂടാതെ ചവച്ചരച്ചോ കഴിക്കാവുന്ന ഗുളികയാണിത്. ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി ഈമാസം 17ന് വീണ്ടും ഗുളിക സ്കൂളുകളില്‍ വിതരണം ചെയ്യും. ജില്ലയില്‍ മൊത്തം 2,28,185 വിദ്യാര്‍ഥികളാണുള്ളത്. ഇതിന് പുറമെ 43 പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍, 12 ശിശുക്ഷേമ കേന്ദ്രങ്ങള്‍, ആറ് പ്രമുഖ ആശുപത്രികള്‍ എന്നിവിടങ്ങളിലേക്ക് ഗുളിക വിതരണം ചെയ്യും. മറ്റേതെങ്കിലും മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്കും അസുഖമുള്ള കുട്ടികള്‍ക്കും ഗുളിക നല്‍കില്ല. ഇതിന്‍െറ ഭാഗമായി എല്ലാ സ്കൂളുകളിലും രക്ഷാകര്‍തൃ യോഗം സംഘടിപ്പിക്കും. ഗുളികയെക്കുറിച്ച് അവബോധം നല്‍കുക, വിര നിര്‍മാര്‍ജനത്തിന്‍െറ ആവശ്യകതകള്‍ രക്ഷിതാക്കള്‍ക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം. ആരോഗ്യ വകുപ്പിനൊപ്പം തദ്ദേശസ്വയംഭരണ വകുപ്പും വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പും പദ്ധതിയില്‍ പങ്കാളിത്തമുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഡി.എം.ഒ ഡോ. ഗ്രേസി ഇത്താക്ക്, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. നന്ദിനി, ഡോ. എബി സുഷന്‍, മാസ് മീഡിയ ഓഫിസര്‍ സുജ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.