ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ രാഷ്ട്രീയമാറ്റത്തിന് സാധ്യത

പത്തനംതിട്ട: കേരള കോണ്‍ഗ്രസ് എം യു.ഡി.എഫ് വിട്ടതോടെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ രാഷ്ട്രീയമാറ്റത്തിന് സാധ്യത. കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരണം വേണ്ടെന്ന് യു.ഡി.എഫ് തീരുമാനിച്ചാല്‍ തിരുവല്ല നഗരസഭയിലും ഏതാനും ചില ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫിന് ഭരണം നഷ്ടമാകും. കേരള കോണ്‍ഗ്രസ് എം യു.ഡി.എഫ് വിട്ടെങ്കിലും മുന്നണിയുമായുള്ള മുന്‍ധാരണകള്‍ അനുസരിച്ച് മുന്നോട്ടുപോകുമെന്നാണ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ചരല്‍ക്കുന്നില്‍ പറഞ്ഞത്. എന്നാല്‍, മുന്നണിബന്ധം ഉപേക്ഷിച്ചതോടെ കേരള കോണ്‍ഗ്രസുമായി ഇനി സഹകരണം വേണ്ടെന്ന നിലപാടാണ് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ വ്യക്തമാക്കിയത്. ബുധനാഴ്ചത്തെ യു.ഡി.എഫ് യോഗത്തില്‍ ഇക്കാര്യം സംബന്ധിച്ച് വ്യക്തത ഉണ്ടാകും. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന നിലപാടിലാണ്. ഇതോടെ യു.ഡി.എഫും കേരള കോണ്‍ഗ്രസുമായുള്ള ബന്ധം മുറിയാനാണ് സാധ്യത. എന്നാല്‍, പ്രാദേശികതലത്തിലെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനമെടുക്കുമെന്നാണ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. ജില്ലയില്‍ പ്രധാനമായും തിരുവല്ല നഗരസഭയിലും പെരിങ്ങര, മല്ലപ്പള്ളി, ആനിക്കാട്, ചെറുകോല്‍, കവിയൂര്‍, കോട്ടാങ്ങല്‍, കൊറ്റനാട്, വെച്ചൂച്ചിറ എന്നീ പഞ്ചായത്തുകളിലും യു.ഡി.എഫിന് ഭരണം നഷ്ടമാകാനാണ് സാധ്യത. ജില്ലയില്‍ 54 ഗ്രാമപഞ്ചായത്തുകളില്‍ 21 ഇടങ്ങളിലാണ് യു.ഡി.എഫ് ഭരണം. ഇതില്‍ കുറഞ്ഞത് എട്ടെണ്ണം കൈവിട്ടുപോകുന്ന സ്ഥിതിയാണ്. എട്ട് ബ്ളോക് പഞ്ചായത്തുകളില്‍ നിലവില്‍ അഞ്ചെണ്ണം യു.ഡി.എഫിനും മൂന്നെണ്ണം എല്‍.ഡി.എഫിനുമാണുള്ളത്. കോയിപ്രം ബ്ളോക്കില്‍ യു.ഡി.എഫും എല്‍.ഡി.എഫും തുല്യ ശക്തിയായതോടെ നറുക്കെടുപ്പിലൂടെയാണ് ഭരണം യു.ഡി.എഫിന് ലഭിച്ചത്. ഈ ബ്ളോക്കില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം ഉള്‍പ്പെടെ രണ്ട് അംഗങ്ങളാണ് കേരള കോണ്‍ഗ്രസിനുള്ളത്. കേരള കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചാല്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമാകും. പുളിക്കീഴില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം ഉള്‍പ്പെടെ രണ്ടുപേര്‍ കേരള കോണ്‍ഗ്രസുകാരാണ്. മല്ലപ്പള്ളിയില്‍ കേരള കോണ്‍ഗ്രസ് മാറിയാല്‍ യു.ഡി.എഫിന് ഭരണം പോകും. തിരുവല്ല നഗരസഭയില്‍ കേരള കോണ്‍ഗ്രസ് മാറിയാല്‍ യു.ഡി.എഫിന് ഭരണം പോകുമെന്ന സ്ഥിതിയാണ്. ആകെയുള്ള 39 സീറ്റുകളില്‍ 22 എണ്ണം യു.ഡി.എഫിനാണ്. എല്‍.ഡി.എഫിന് ഒമ്പത് സീറ്റുകളാണുള്ളത്. യു.ഡി.എഫില്‍ കോണ്‍ഗ്രസ്-11, കേരള കോണ്‍ഗ്രസ്-10, ആര്‍.എസ്.പി-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ബി.ജെ.പി-നാല്, എസ്.ഡി.പി.ഐ-ഒന്ന്, സ്വതന്ത്രര്‍-മൂന്ന്. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ കേരള കോണ്‍ഗ്രസ് ആണ് നഗരസഭയിലെ പ്രമുഖ കക്ഷി. പത്തനംതിട്ട നഗരസഭയില്‍ യു.ഡി.എഫ് ഭരണം നിലനില്‍ക്കും. യു.ഡി.എഫില്‍ 22 അംഗങ്ങളില്‍ നാലുപേര്‍ മാത്രമാണ് കേരള കോണ്‍ഗ്രസുകാരുള്ളത്. കോണ്‍ഗ്രസ്-16, ലീഗ്-രണ്ട്. ഇവിടെ കേരള കോണ്‍ഗ്രസിനാണ് വൈസ് ചെയര്‍മാന്‍ സ്ഥാനം. പിന്തുണ വേണ്ടെന്നുവെച്ചാല്‍ മുസ്ലിം ലീഗിന് വൈസ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കും. കേരള കോണ്‍ഗ്രസും ലീഗും വൈസ് ചെയര്‍മാന്‍ സ്ഥാനം പങ്കുവെക്കാനായിരുന്നു മുന്നണി ധാരണ. അടൂരിലും പുതുതായി രൂപംകൊണ്ട പന്തളം നഗരസഭയിലും കേരള കോണ്‍ഗ്രസിന് സ്വാധീനമില്ല. ഇവിടെ കേരള കോണ്‍ഗ്രസിന് ഓരോ അംഗങ്ങള്‍ മാത്രമാണുള്ളത്. ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് പിന്തുണ ഇല്ളെങ്കിലും കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. 16 ഡിവിഷനുകളില്‍ 10 എണ്ണം കോണ്‍ഗ്രസിനും ഒരെണ്ണം കേരള കോണ്‍ഗ്രസ് എസിനുമാണ്. സി.പി.എമ്മിന് നാല്, സി.പി.ഐ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങള്‍ കോണ്‍ഗ്രസിനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.