പാറമടക്ക് അനുമതി: നാറാണംമൂഴിയിലെ റിലേ സത്യഗ്രഹം 28ദിവസം പിന്നിട്ടു

റാന്നി: ചെമ്പന്മുടിയിലെ മണിമലത്തേ് പാറമടക്ക് അനുമതി നല്‍കിയ നടപടിക്കെതിരെ നാറാണംമൂഴി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടക്കുന്ന റിലേ സത്യഗ്രഹം 28 ദിവസം പിന്നിട്ടു. 28ാം ദിവസമായ വെള്ളിയാഴ്ച നടന്ന സമരപരിപാടികള്‍ക്ക് കുട്ടിയച്ചന്‍ മണിമല, കണ്ണന്‍, രാജന്‍ ചെറിയത്ത്, വില്‍സണ്‍ മൂഴിക്കല്‍, ലീന ഇളംപ്ളാക്കാട്ട്, സുരേഷ് മുളക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വ്യാഴാഴ്ച പുള്ളിക്കല്ല് ജനനി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്‍െറ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹം പ്രസിഡന്‍റ് ഇ.പി. ജിജോ ഉദ്ഘാടനം ചെയ്തു. വര്‍ഗീസ് മാത്യു, ഒ.ജെ. സോനു, റെജി പാറക്കാട്ട്, ഒ.ജെ. റെജി, രാജന്‍ ചെറിയത്ത്, ഓമന മാധവന്‍, അമ്പിളി പ്രകാശ്, സുനിത ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പാറമടക്ക് നല്‍കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിവരുന്ന തുടര്‍ സത്യഗ്രഹം ഞായറാഴ്ച ഒരുമാസം പൂര്‍ത്തിയാക്കും. അതിനിടെ, സത്യഗ്രഹസമരം നടത്തുന്നവരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. അതിജീവനസമരസമിതി പ്രവര്‍ത്തകരെ അത്തിക്കയം വന്നിരപ്പന്‍മൂഴി സ്വദേശി ബാബു കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായാണ് ആരോപണം. പഞ്ചായത്ത് കമ്മിറ്റി കൂടിക്കൊണ്ടിരിക്കുമ്പോള്‍ ഓഫിസിനുതാഴെ സമരം നടത്തിക്കൊണ്ടിരുന്നവരെ ഇയാള്‍ അസഭ്യം പറയുകയും തുടര്‍ന്ന് ഇവരുടെ ഇടയിലേക്ക് ഓടിക്കയറിയ ഇയാള്‍ അത്തിക്കയം മടന്തമണ്‍ ഒഴവക്കോട്ടയില്‍ ബെന്നിയെ മര്‍ദിക്കുകയും ചെയ്തെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.ബെന്നി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.