കോന്നി: അമിതഭാരം കയറ്റി ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ ജനജീവിതത്തിന് ഭീക്ഷണിയാകുന്നു. ഊട്ടുപാറയിലെ സ്വകാര്യ പാറമടയില്‍നിന്ന് ആലപ്പുഴ ഭാഗത്തേക്കാണ് 300 അടിക്കുമേല്‍ കൂറ്റന്‍ പാറക്കഷണങ്ങള്‍ കയറ്റിയ ടിപ്പര്‍ ലോറികള്‍ മത്സര ഓട്ടം നടത്തുന്നത്. സ്കൂള്‍ സമയത്തുപ്പോലും പൊലീസിന്‍െറയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണിനുമുന്നിലാണ് നിയമലംഘിച്ച് ടിപ്പറുകള്‍ പായുന്നത്. ഊട്ടുപാറയില്‍ പാറക്കഷണങ്ങള്‍ കയറ്റിവരുന്ന ടിപ്പര്‍ ലോറികള്‍ കോന്നി ആനന്ദപ്പള്ളി റോഡില്‍ക്കൂടി അടൂരില്‍ എത്തി അവിടെനിന്ന് കായംകുളം ഭാഗങ്ങളിലേക്കാണ് പോകുന്നത്. റോഡുകളില്‍ പരമാവധി 30 ടണ്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് മാത്രമേ സഞ്ചാരം അനുവദിക്കുയുള്ളു. എന്നാല്‍, 100 ടണ്ണില്‍ അധികം ഭാരംകയറ്റിയ ടിപ്പര്‍ ലോറികള്‍ ആണ് ആധുനിക സംവിധാനത്തില്‍ ടാര്‍ ചെയ്യാത്ത റോഡിലൂടെ കടന്നു പോകുന്നത്. ടിപ്പറുകളുടെ നിരന്തര സഞ്ചാരം മൂലം പല റോഡുകളും നാശോന്മുഖമായിട്ടുണ്ട്. ഒരുവിധ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ടിപ്പറുകളുടെ മരണപ്പാച്ചില്‍. ദിവസേന 100ല്‍ അധികം ലോഡുകളാണ് ഇതുവഴി കടന്നുപോകുന്നത്. പൊതുജീവിതത്തെ നിരന്തരം അലോസരപ്പെടുത്തുമ്പോഴും ക്രഷര്‍-ക്വാറി മാഫിയകളുടെ നിയമ ലംഘനം കണ്ടില്ളെന്ന് നടിക്കുകയാണ് ഉദ്യോഗസ്ഥര്‍. ഇതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് പരിസരവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.