എം.സി റോഡും കെ.പി റോഡും ദുര്‍ഗന്ധപൂരിതം മാലിന്യം നിറഞ്ഞ് റോഡുകള്‍; നടപടിയെടുക്കാതെ അധികൃതര്‍

അടൂര്‍: എം.സി റോഡിലും കായംകുളംപത്തനാപുരം സംസ്ഥാന പാതയിലും മാലിന്യം തള്ളുന്നത് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നു. മാലിന്യത്തിനുപുറമെ ഓടകളില്‍ മലിനജലം കെട്ടിനില്‍ക്കുന്നതും പകര്‍ച്ചവ്യാധി ഭീഷണി വര്‍ധിപ്പിക്കുന്നു. ഗാര്‍ഹികമാലിന്യങ്ങളും മദ്യക്കുപ്പികളും വാഹനത്തിലിരുന്നുതന്നെ റോഡരികിലേക്ക് വലിച്ചെറിയുകയാണ്. ചാക്കില്‍ കെട്ടിയ മാംസാവശിഷ്ടങ്ങള്‍, സദ്യാലയങ്ങളിലെ ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവയും റോഡരികിലാണ് തള്ളുന്നത്. മഴ തുടങ്ങിയതോടെ എം.സി റോഡും കെ.പി റോഡും ദുര്‍ഗന്ധപൂരിതമാണ്. വീടുകള്‍, സദ്യാലയങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍നിന്ന് തള്ളുന്ന മലിനജലത്തിനുപുറമെ രാത്രിയില്‍ ടാങ്കര്‍ ലോറികളില്‍ കക്കൂസ് മാലിന്യം തള്ളുന്നതും റോഡരികിലെ ഓടയിലാണ്. മിക്കഭാഗത്തും ഓട മണ്ണുകയറി അടഞ്ഞതിനാല്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. കൊതുകുകള്‍ പെരുകിയതോടെ റോഡരികില്‍ താമസിക്കുന്നവര്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. കലയപുരം, പുത്തൂര്‍മുക്ക്, ഏനാത്ത്, പുതുശേരിഭാഗം, വടക്കടത്തുകാവ് തുടങ്ങിയ ഇടങ്ങളില്‍ മാലിന്യം തള്ളുന്നത് വര്‍ധിച്ചിട്ടുണ്ട്. കായംകുളംപത്തനാപുരം സംസ്ഥാനപാതയില്‍ പുതുവല്‍ മുതല്‍ കായംകുളം വരെ മാലിന്യം നടുറോഡില്‍ ചിതറിക്കിടക്കുന്നത് പതിവുകാഴ്ചയാണ്. മരുതിമൂട് കവലയിലും എസ്.ബി.ടി ശാഖയുടെ സമീപത്തും പ്ളാസ്റ്റിക് മാലിന്യം ചാക്കില്‍കെട്ടി തള്ളിയിരുന്നു. കുതിരമണ്‍ ഭാഗത്തും മാമ്മൂട്ടില്‍പടിയിലും സമീപത്തും കോഴിക്കടയിലെ അവശിഷ്ടങ്ങള്‍ തള്ളുന്നുണ്ട്. ഏഴംകുളം ഗ്രാമപഞ്ചായത്ത് പരിധിയിലെ ടി.ബി ജങ്ഷനിലെ പാലത്തിനടുത്ത് മാലിന്യം വര്‍ഷങ്ങളായി തള്ളിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല. ഇവിടം മലവിസര്‍ജന കേന്ദ്രവുമാണ്. റോഡരികിലുള്ള താഴ്ന്ന ഇടങ്ങളിലും നീര്‍ച്ചാലുകളിലും കാടുമൂടിക്കിടക്കുന്ന ഭാഗങ്ങളിലും കക്കൂസ് മാലിന്യവും തള്ളുന്നുണ്ട്. എം.സി റോഡില്‍ വടക്കടത്തുകാവ്, പുതുശ്ശേരിഭാഗം എന്നിവിടങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണ്. ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ഇരപ്പന്‍പാറ വെള്ളച്ചാട്ടത്തിന് സമീപം തോട്ടില്‍ കക്കൂസ് മാലിന്യം ഒഴുക്കിയത് പകര്‍ച്ചവ്യാധികള്‍ക്കിടയാക്കിയിരുന്നു. അടുക്കളമാലിന്യം മുതല്‍ പഴകിയ മത്സ്യം വരെയാണ് റോഡരികില്‍ തള്ളുന്നത്. അടുത്തിടെ പുതുശേരിഭാഗം മണപ്പുറം പടിയില്‍ റോഡരികിലും ഓടയിലുമായി തള്ളിയ ഒമാന്‍ മത്തിയുടെ ദുര്‍ഗന്ധം സഹിക്കാന്‍ കഴിയാതെ സമീപവാസികള്‍ കുഴിയെടുത്ത് മണ്ണിട്ടുമൂടുകയായിരുന്നു. എം.സി റോഡരികില്‍ മാലിന്യം തള്ളുന്നത് വര്‍ധിച്ചിട്ടും ഒരിടത്തും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുന്നതിനോ ശിക്ഷാനടപടി സ്വീകരിക്കുന്നതിനോ ബന്ധപ്പെട്ട അധികൃതര്‍ തുനിഞ്ഞിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.