പരിശോധന പ്രഹസനം; നിരോധിത പുകയില ഉല്‍പന്നങ്ങള്‍ സുലഭം

തിരുവല്ല: നിരോധിത പുകയില ഉല്‍പന്നങ്ങളും നഗരത്തില്‍ സജീവമാണ്. മാസപ്പടി നല്‍കി ഉദ്യോഗസ്ഥവൃന്ദത്തെ കൈവെള്ളയിലൊതുക്കിയ വമ്പന്മാര്‍ കച്ചവടം പൊടിപൊടിക്കുമ്പോഴും അധികൃതര്‍ക്ക് അനക്കമില്ല. രാമപുരം ചന്തക്ക് സമീപം നിരവധി കടകളില്‍ ലഹരിവസ്തുക്കള്‍ ലഭ്യമാണ്. ജൂലൈയില്‍ പരിശോധനയെന്ന് പ്രഹസനം കാട്ടിയെങ്കിലും ആകെ പിടികൂടിയത് രണ്ടു പാക്കറ്റ് സിഗരറ്റ് മാത്രമാണ്. പല കച്ചവട സ്ഥാപനങ്ങളിലും പാക്കറ്റ് കണക്കിന് നിരോധിത പുകയില സാധനങ്ങള്‍ ശേഖരിച്ചതായാണ് സൂചന. നഗരമധ്യത്തിലെ വീടിനോടനുബന്ധിച്ചുള്ള കടയില്‍ ദിനംപ്രതി ഇത്തരം ഉല്‍പന്നങ്ങളുടെ ആയിരക്കണക്കിന് രൂപയുടെ കച്ചവടമാണ് നടക്കുന്നത്. തുകലശ്ശേരി ചെമ്പോലിമുക്കിലും കുട്ടത്തിപ്പടിയിലും കച്ചവടം നടക്കുന്നുണ്ട്. പുഷ്പഗിരി മെഡിക്കല്‍ കോളജിന്‍െറ പഴയഗേറ്റിനോട് ചേര്‍ന്നുള്ള കടയുടെ മുന്നില്‍ പലപ്പോഴും ഇവ വാങ്ങാനത്തെുന്നവരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെടുന്നത്. ഇവിടെ പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമാണ് സ്ഥിരം ഉപഭോക്താക്കള്‍. ആയിരക്കണക്കിന് രൂപയുടെ പുകയില ഉല്‍പന്നങ്ങളാണ് ഇവിടെ സ്ഥിരം വിറ്റഴിയുന്നത്. നിരവധി തവണ പരാതി നല്‍കിയിട്ടും അധികാരികള്‍ക്ക് ആഴ്ചപ്പടിവാങ്ങി സ്ഥാപനങ്ങള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പന്നിക്കുഴി പാലത്തിന് സമീപവും മുത്തൂര്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയിലും ഉല്‍പന്നങ്ങള്‍ സുലഭമാണ്. ആഞ്ഞിലിമൂട്, തിരുമൂലപുരം, കോട്ടത്തോട്, ചുമത്ര, കുറ്റപ്പുഴ, മഞ്ഞാടി, മീന്തലക്കര എന്നിവിടങ്ങളിലെ മാടക്കടകളിലും ശംഭു, ഹാന്‍സ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ ലഭിക്കുന്നുണ്ട്. നഗരത്തിലെ സ്ഥിതി ഇതാണെങ്കില്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വ്യാപകരീതിയിലാണ് കച്ചവടം നടക്കുന്നത്. പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ സ്കൂളിന് സമീപവും കോച്ചാരിമുക്കം ചാത്തങ്കേരി എല്‍.പി സ്കൂളിന് സമീപവും വിദ്യാര്‍ഥികള്‍ അടക്കമുള്ളവരാണ് പുകയില ഉല്‍പന്നങ്ങളുടെ ഉപഭോക്താക്കള്‍. കവിയൂര്‍, കോട്ടൂര്‍, പെരിങ്ങര, മേപ്രാല്‍ ചന്തപീടിക, നിരണം തുടങ്ങിയ പ്രദേശങ്ങളിലെ മാടക്കടകളും വീടുകളും കേന്ദ്രീകരിച്ചാണ് ഇവയുടെ വില്‍പന തകൃതിയായി നടക്കുന്നത്. വീടിനോട് ചേര്‍ന്നു കട നടത്തുന്ന കേന്ദ്രങ്ങളിലാണ് ഉല്‍പന്നങ്ങളുടെ കച്ചവടം പൊടിപൊടിക്കുന്നത്. ചില പ്രദേശങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ചും കച്ചവടം നടക്കുന്നുണ്ട്. പൊലീസും ആരോഗ്യവിഭാഗവും ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പരിശോധനക്ക് തയാറാകാത്തത് ഇത്തരക്കാര്‍ക്ക് സഹായകമാകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.